കെ സുധാകരനെ തള്ളിപ്പറഞ്ഞ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ചെന്നിത്തല; താന്‍ പറഞ്ഞത് പൊതുപ്രസ്താവന; കെ സുധാകരന്‍ പാര്‍ട്ടിയുടെ സമ്പത്ത്

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെ തള്ളിപ്പറഞ്ഞ നിലപാടില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ ജാതി അധിക്ഷേപ പരാമര്‍ശത്തെ കോഴിക്കോട് പത്രസമ്മേളനത്തിലാണ് ചെന്നിത്തല ഇന്നലെ തള്ളിപ്പറഞ്ഞത്.

കോണ്‍ഗ്രസില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ പലരും കെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും തിരുത്തില്ലെന്നുമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കെ സുധാകരന്റെ പ്രതികരണം.

തനിക്കെതിരെ പറഞ്ഞ പ്രതിപക്ഷ നേതാവിനോട് കാര്യങ്ങള്‍ ആരാഞ്ഞ് താന്‍ കത്തെഴുതിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്കെതിരായ പ്രസ്താവന തിരുത്തിയില്ലെങ്കില്‍ കേണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാവുമെന്നുള്‍പ്പെടെയുള്ള കെ സുധാകരന്റെ പ്രതികരണത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തല സ്വന്തം നിലപാടില്‍ മലക്കം മറിഞ്ഞത്.

നേരത്തെ തന്നെ വിമര്‍ശിച്ച ഷാനിമോള്‍ ഉസ്മാനെതിരെയും രൂക്ഷമായ ഭാഷയിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്. സ്വന്തം നിലപാടിനെ തള്ളിപ്പറഞ്ഞതിനൊപ്പം കെ സുധാകരന്റെ പ്രസ്താവനയെ ന്യായീകരിക്കുന്ന നിലപാടും രമേശ് ചെന്നിത്തല ഇന്ന് സ്വീകരിച്ചു.

താന്‍ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഒരു പൊതു പ്രസ്താവനയാണ് താന്‍ പറഞ്ഞതെന്നുമാണ് ഇന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

കെ സുധാകരനുമായി താന്‍ സംസാരിച്ചുവെന്നും മുഖ്യമന്ത്രിയെ അദ്ദേഹം അധിക്ഷേപിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് കെ സുധാകരന്‍ നടത്തിയതെന്ന ന്യായീകരണവും ചെന്നിത്തലയുടെ പ്രതികരണത്തില്‍ ഉണ്ടായിരുന്നു.

സുധാകരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമ്പത്താണെന്നും വിവാദങ്ങള്‍ അവസാനിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News