കെജിഎഫ് റിലീസ് ദിവസം രാജ്യത്തിന് പൊതു അവധി വേണം; മോദിക്ക് കത്ത്

രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തി കെജിഎഫ് പാർട്ട് 2 റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 16ന് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വേളയിൽ പ്രധാനമന്ത്രിക്ക് രസകരമായ ഒരു ആവശ്യമുന്നയിച്ച് കത്തെഴുതിയിരിക്കുകയാണ് യഷിന്റെ ആരാധകർ. കെജിഎഫ് റിലീസിങ്ങ് ദിനത്തിൽ രാജ്യത്തിന് പൊതു അവധി നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.

കെജിഎഫ് 2 റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതുഅവധി നൽകണമെന്നാണ് ആരാധകർ മോദിയോട് അഭ്യർഥിക്കുന്നത്. ജൂലൈ 16ന് നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് കത്തിൽ പറയുന്നത്. ട്വിറ്ററിൽ ഈ ആവശ്യം തരംഗമാവുകയാണ്.

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‛കെജിഎഫ് 2′ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു.

ചിത്രത്തില്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിര്‍ത്തിവെച്ച കെജിഎഫ് 2 അടുത്തിടെയാണ് പൂര്‍ത്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel