സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്‌സി അംഗീകരിച്ചു; റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി

പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള സംസ്‌ഥാന സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു.

2021 ഫെബ്രുവരി അഞ്ചിനും ആഗസ്‌ത്‌ നാലിനും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്‌ത്‌ അഞ്ചുവരെ നീട്ടാനാണ്‌ വെള്ളിയാഴ്‌ച ചേർന്ന കമ്മീഷൻയോഗം തീരുമാനിച്ചത്‌.

ഫെബ്രുവരി രണ്ടുമുതൽ ആഗസ്‌ത്‌ രണ്ടുവരെ കാലാവധി കഴിയുന്ന ലിസ്റ്റുകൾ നീട്ടാനാണ്‌ സർക്കാർ ശുപാർശ ചെയ്‌തിരുന്നത്‌. എന്നാൽ അഞ്ചുമുതലുള്ള ലിസ്‌റ്റുകളാണ്‌ നീട്ടുന്നത്‌. രണ്ടിനും അഞ്ചിനുമിടയിൽ കാലാവധി തീരുന്ന ലിസ്‌റ്റുകൾഇല്ല.

ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ്‌ കാലാവധി നീട്ടാനുള്ള നിർദേശം സർക്കാർ സമർപ്പിച്ചത്‌. എല്ലാ ജില്ലയിലെയും എൽഡിസി, എൽജിഎസ്‌, ഡ്രൈവർ, സ്‌റ്റാഫ്‌ നേഴ്‌സ്‌ ഉൾപ്പെടെ 473 തസ്തികയില്‍ റാങ്ക്‌ പട്ടികയിലുള്ളവര്‍ക്ക് തീരുമാനം ​ പ്രയോജനപ്പെടും.

ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സർക്കാർ സർവീസിൽനിന്ന്‌ വൻതോതിൽ ജീവനക്കാർ വിരമിക്കുന്നുണ്ട്‌. ഈ ഒഴിവുകളിലേക്ക്‌ നിലവിലുള്ള റാങ്ക്‌ പട്ടികയില്‍ നിന്ന്‌ നിയമനം ലഭിക്കുന്നതോടെ ആയിരക്കണക്കിന്‌ ഉദ്യോഗാർഥികളുടെ തൊഴിൽസ്വപ്നം സാക്ഷാൽക്കരിക്കപ്പെടും.

കോവിഡ് വ്യാപനം കാരണം പിഎസ്‌സി പരീക്ഷാ നടത്തിപ്പ്‌ സമയക്രമത്തിൽ വ്യത്യാസം വന്നതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നതും കണക്കിലെടുത്താണ്‌ സർക്കാർതീരുമാനം. വിവിധ വകുപ്പുകളിൽ ആയിരക്കണക്കിന് തസ്തികകൾ സർക്കാർ സൃഷ്ടിച്ചിരുന്നു. ‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടണമെന്ന്‌ ഉദ്യോഗാർഥികളും ഡിവൈഎഫ്‌ഐയും സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here