ജാതി അധിക്ഷേപത്തില്‍ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ സുധാകരനെ പിന്തുണച്ചും ന്യായീകരിച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലൊന്നും ഇവിടെയില്ലെന്നാണ് സുരേന്ദ്രന്‍ ഉന്നയിക്കുന്ന വാദം.

ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശം ജാതീയ അധിക്ഷേപമായി ബിജെപി കണക്കാക്കുന്നില്ലന്നെും ചെത്തുകാര്‍ എല്ലാ ജാതിയിലുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത് സുധാകരനെ അടിച്ച് പുറത്താക്കാന്‍ കുറെ പേര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ഒരു ആയുധം കിട്ടി. അത്രയേ ഉള്ളു എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലൊന്നും ഇവിടെയില്ല. ആശാരിപണി എടുക്കുന്നവരൊക്കെ ആശാരിമാരാണോ? സ്വര്‍ണപ്പണി എടുക്കുന്നവരൊക്കെ തട്ടാന്‍മാരാണോ? നല്ല ഒന്നാന്തരം നായരും ഈഴവരും നമ്പൂതിരിമാരുമടക്കം ഇവിടെ സ്വര്‍ണപ്പണിയെടുക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം. അതേ സമയം ഐശ്വര്യ കേരള യാത്രയുടെ കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ സ്വീകരണം കോണ്‍ഗ്രസുകര്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ട തല്ലില്‍ കലാശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുന്നതിനായിരുന്നു ഐശ്വര്യ കേരള യാത്രയുടെ വേദി കെ സുധാകരന്‍ ഉപയോഗിച്ചത്.

തലശ്ശേരിയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു രൂക്ഷമായ അധിക്ഷേപം.ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം.

പ്രതിപക്ഷ നേതാവും യു ഡി എഫ് ഘടക കക്ഷി നേതാക്കളും ഉള്‍പ്പെട്ട വേദിയില്‍ വച്ചായിരുന്നു സുധാകരന്റെ മുഖ്യ മന്ത്രിക്ക് എതിരായ ആക്ഷേപങ്ങള്‍ .സുധാകരന്റെ പരാമര്‍ശത്തിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News