കേരള മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ കേരളം ലജ്ജിക്കുന്നു, ദുഷ്ട മനസില്‍ നിന്നു മാത്രമേ ഇത്തരം വാക്കുകള്‍ വരൂ ; എംഎം മണി

മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കെ. സുധാകരന്റെ പ്രസ്താവനയില്‍ കേരളം ലജ്ജിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ദുഷ്ട മനസില്‍ നിന്നു മാത്രമേ ഇത്തരം വാക്കുകള്‍ വരൂ എന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. തനി മാടമ്പിത്തത്തിന്റെയും വര്‍ഗ്ഗീയതയുടെയും വിഷം വമിക്കുന്ന വാക്കുകള്‍ കേട്ട് ‘സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന് അദ്ദേഹം തന്നെ പറയിപ്പിച്ച അണികള്‍ പോലും തല താഴ്ത്തിക്കാണുമെന്നും മണി വ്യക്തമാക്കി.

എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ആദരണീയനായ കേരള മുഖ്യമന്ത്രിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ കേരളം ലജ്ജിക്കുന്നു. തനി മാടമ്പിത്തത്തിന്റെയും വര്‍ഗ്ഗീയതയുടെയും വിഷം വമിക്കുന്ന വാക്കുകള്‍ കേട്ട് ‘സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന് അദ്ദേഹം തന്നെ പറയിപ്പിച്ച അണികള്‍ പോലും തല താഴ്ത്തിക്കാണും. ദുഷ്ട മനസില്‍ നിന്നു മാത്രമേ ഇത്തരം വാക്കുകള്‍ വരൂ; ആ വാക്കുകള്‍ കേട്ടാലറിയാം പോക്ക് എങ്ങോട്ടെന്ന്.’

കെ. സുധാകരന്റെ പ്രസ്താവന തൊഴിലിന് നേരെയും തൊഴില്‍ എടുക്കുന്നവന് നേരെയുള്ള ആക്ഷേപമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. തൊഴിലെടുത്ത് ജീവിക്കുക എന്നത് ഏറ്റവും അഭിമാനകരമാണെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് അക്രമിക്കുകയാണെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. നാട്ടിലെ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയന്‍ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരന്‍ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമര്‍ശവും സുധാകരന്‍ നടത്തി. മുന്‍പും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകള്‍ സുധാകരന്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here