ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണ്, അതില്‍ അഭിമാനിക്കുന്നു, കെ സുധാകരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു, കെ സുധാകരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍റെ അച്ഛനും സഹോദരനും ചെത്തുതൊ‍ഴിലാളികളായിരുന്നു. സുധാകരന്‍റെ പരാമര്‍ശം അപമാനകരമായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിച്ചത് കാലത്തിന് യോജിച്ചതല്ല. യഥാർത്ഥത്തിൽ ഒരു കർഷക കുടുംബമാണ് എന്‍റേത്. ചെത്ത്തൊഴിലാളിയുടെ മകൻ എന്നത് ഏതെങ്കിലും തരത്തിൽ അപമാനം ഉണ്ടാക്കുന്ന കാര്യമായി ഞാൻ കരുതുന്നില്ല. സുധാകരൻറെ പരാമർശം ആക്ഷേപമായി ഞാൻ കണക്കാക്കുന്നില്ല. ഞാൻ ചെത്തുകാരനെ മകൻ തന്നെ ആണല്ലോ. അതിൽ അഭിമാനം കൊള്ളുന്ന ആളുമാണെന്നും പിണറായി വിജയന്‍ മറുപടി നല്‍കി.

മറ്റേതെങ്കിലും ഒരു ദുർവൃത്തിയിൽ ഏർപ്പെട്ട ഒരാളുടെ മകനാണെന്ന് പറഞ്ഞാൽ അതൊരു ജാള്യതയായി വരും. ഇതിൽ അങ്ങനെ ഒരു ജാള്യതയുടെ പ്രശ്നമില്ലല്ലോ. ഇത് തീർച്ചയായും അഭിമാനിക്കാൻ കഴിയുന്ന കാര്യമാണ്. തൊഴിലെടുത്തു ജീവിച്ച ഒരു പിതാവിന്റെ മകനാണ് എന്നത്.

സുധാകരൻ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണ് എന്നതാണ് നോക്കേണ്ടത്. ഷാനിമോൾ ഉസ്മാൻ ആണ് ആകെ പ്രശ്നങ്ങൾ ആക്കിയത് എന്ന് സുധാകരൻ തന്നെ പറഞ്ഞതായി കാണുന്നുണ്ടല്ലോ. അതെന്തുകൊണ്ടാണ് അങ്ങനെ പ്രതികരിക്കാൻ ഇടയായത്. രമേശ് ചെന്നിത്തലയ്ക്ക് ആദ്യം അതിനെ തള്ളി പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയന്‍ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരന്‍ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമര്‍ശവും സുധാകരന്‍ നടത്തി. മുന്‍പും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകള്‍ സുധാകരന്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News