സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
പല കാരണങ്ങളാല്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് അത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശേഖരിക്കുന്ന പാല്‍ 6 മാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാനാവും.
ജനറല്‍ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ക്ക് ബാങ്കില്‍ നിന്നുള്ള പാസ്ചുറൈസ് ചെയ്ത മുലപ്പാല്‍ നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാനും അണുബാധ കുറയ്ക്കാനും സഹായകരമായിരിക്കും. പാസ്ചുറൈസേഷന്‍ യൂണിറ്റ്, റഫ്രിജറേറ്ററുകള്‍, ഡീപ് ഫ്രീസറുകള്‍, ഹോസ്പിറ്റല്‍ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആര്‍.ഒ. പ്ലാന്റ്, സ്‌റ്റെറിലൈസിങ് ഉപകരണങ്ങള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ അടങ്ങുന്ന മുലപ്പാല്‍ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്.
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഐ.എം.എ യും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍സും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ഡോ. പരശുറാം ഗോപിനാഥ്, മുന്‍ ഗവര്‍ണര്‍ ആര്‍ മാധവ് ചന്ദ്രന്‍, റോട്ടറി 3201 ജില്ലാ ഗവര്‍ണര്‍ ജോസ് ചാക്കോ, ചലച്ചിത്രതാരം പേളി മാണി എന്നിവര്‍ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.