കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച പൊതു സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയുമാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഒരു തരത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ അയ്യായിരത്തോളം വരുന്ന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത പൊതു സമ്മേളനം ബിജെപി സംഘടിപ്പിച്ചത്.

തൃശൂര്‍ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മുഴുവന്‍ പ്രവര്‍ത്തകരെയും എത്തിക്കാന്‍ നേരത്തെ തന്നെ ജില്ലാ നേതൃത്വം വിവിധ മണ്ഡലം കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ ബിജെപി യുടെ സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളും യോഗത്തിന് എത്തി.

വേദിയില്‍ ഉണ്ടായിരുന്ന നദ്ദയും സുരേന്ദ്രനും ഉള്‍പ്പെടെയുള്ള ഒരു നേതാവും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

തൃശൂര്‍ ജില്ലയിലടക്കം കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ബിജെപി യുടെ ആള്‍ക്കൂട്ട സമ്മേളനം.ജെ പി നദ്ദയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തടിച്ചുകൂടിയതിനാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here