കര്‍ഷകരുടെ മഹാപഞ്ചായത്തിന് അനുവാദം നല്‍കാതെ യോഗി സര്‍ക്കാര്‍ ; ഒരു മാസത്തേക്ക് നിരോധനാജ്ഞ, കര്‍ഷകരെ ഭയന്നെന്ന് ജനത

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കര്‍ഷകര്‍ സമരം ചെയ്യാനുദ്ദേശിച്ച സ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ മഹാപഞ്ചായത്തിന് വിളിച്ചു ചേര്‍ത്തത്. യോഗി സര്‍ക്കാരിന്റെ നടപടി കര്‍ഷകരോടുള്ള ഭയം മൂലമാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കര്‍ഷകര്‍ അഞ്ചാമതായി സംഘടിപ്പിക്കുന്ന മഹാ പഞ്ചായത്തിനാണ് ഷംലി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഫെബ്രുവരി 4 മുതല്‍ ഏപ്രില്‍ 3 വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മുസാഫര്‍ നഗറില്‍ കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്തില്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തതും പിന്തുണച്ചതും ബി.ജെ.പി വലിയ വെല്ലുവിളിയായിരുന്നു. ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പശ്ചിമ യു.പിയിലെ 10 ജില്ലകളില്‍ നിന്നും മുസഫര്‍ നഗറിലേക്ക് കര്‍ഷകര്‍ക്ക് പിന്തുണയുമായി ആളുകള്‍ എത്തിയിരുന്നു.

നേരത്തെ മുസഫര്‍ നഗറിലും ഭാഗ്പതിലും ജിന്ദിലും ഹിസാറിലും നടന്ന മഹാപഞ്ചായത്തുകളില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തിരുന്നത്. ഇതോടെയാണ് യുപി ഷാംലിയിലെ മഹാപഞ്ചായത്തിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിലക്ക് ഏര്‍പ്പെടുത്തുകയും നിരോധനാജ്ഞ പാസാക്കുകയും ചെയ്തത്. ഈ വിലക്ക് മറികടന്ന് ആയിരങ്ങളാണ് മഹാപഞ്ചായത്തില്‍ ഇന്ന് പങ്കെടുത്തത്. നാളെ ദേശീയ റോഡുപരോധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്തില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.

നാളെ നടക്കുന്ന വഴിതടയല്‍ സമരത്തിന് മുന്നോടിയായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. അതേ സമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് ടോമാര്‍ ഇന്ന് രാജ്യസഭയില്‍ ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News