ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്ന അമ്മ ശ്യാമള ഗോപാലനെ ഓര്‍ത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ കമലാ ഹാരിസ്. തന്റെ അമ്മ കാന്‍സര്‍ ചികിത്സ എന്ന സ്വപ്‌നവുമായാണ് അമേരിക്കയിലെത്തിയതെന്നും വന്‍കുടല്‍ ക്യാന്‍സര്‍ ബാധിച്ച് അമ്മ തങ്ങളെ വിട്ടുപോയത് ഒരുപാട് സങ്കടമുണ്ടാക്കിയെന്നും കമല തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ബാല്യകാലത്ത് അമ്മ, കമലയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
കമലാഹാരിസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എന്റെ അമ്മ ശ്യാമള ഗോപാലന്‍ ഹാരിസ് ഒരു സ്വപ്നവുമായാണ് ഈ രാജ്യത്ത് എത്തിയത്. ക്യാന്‍സര്‍ ചികിത്സ എന്ന സ്വപ്നം. സ്തനാര്‍ബുദ ശാസ്ത്രജ്ഞയായിത്തീര്‍ന്ന അമ്മ മാരകമായ രോഗത്തിനെതിരായ പോരാട്ടത്തിന്റെ പോരാളിയായി മുന്നില്‍ നിന്ന് ലാബില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു.
തനിക്ക് വന്‍കുടല്‍ ക്യാന്‍സര്‍ ഉണ്ടെന്ന് 2008 ല്‍ അമ്മ ഞങ്ങളോട് പറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഒരു വര്‍ഷത്തിനുശേഷം അമ്മ ഞങ്ങളെ വിട്ടുപോയത് ഒരുപാട് സങ്കടമുണ്ടാക്കി. എല്ലാ ദിവസവും ഞാന്‍ അമ്മയെ മിസ് ചെയ്യും. എനിക്കറിയാം, പ്രസിഡന്‍റും പ്രഥമ വനിതയും നിരവധി അമേരിക്കക്കാരും അമ്മയുടെ നഷ്ടം മനസ്സിലാക്കുന്നുവെന്ന്.
അമ്മയുടെ സ്വപ്‌നം ഉപേക്ഷിക്കാന്‍ എന്റെ അമ്മ ആഗ്രഹിക്കുന്നില്ല. സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് പ്രസിഡന്റ് ജോബൈഡനും ഞാനും വിശ്വസിക്കുന്നു. ക്യാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.
ഈ ലോക ക്യാന്‍സര്‍ ദിനത്തില്‍, രോഗത്തിനെതിരെ പോരാടാന്‍ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആരോഗ്യ പരിപാലന പ്രവര്‍ത്തകരെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ക്യാന്‍സറിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ നമുക്ക് ഒരുമിച്ച് കഴിയും.
ഇന്ത്യന്‍ വംശജയും ഒരു അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്നു കമലാഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ ഹാരിസ്. യുസി ബെര്‍ക്ക്ലിയിലെ സുവോളജി, ക്യാന്‍സര്‍ റിസര്‍ച്ച് ലാബിലായിരുന്നു ശ്യാമള ഗവേഷണം നടത്തിയിരുന്നത്.
ഉര്‍ബാന-ചാംപെയ്നിലെ ഇല്ലിനോയിസ് സര്‍വകലാശാലയിലും വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയിലും സ്തനാര്‍ബുദ ഗവേഷകയായി അവര്‍ ജോലി ചെയ്തു. ലേഡി ഡേവിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, മക്ഗില്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ എന്നിവയില്‍ 16 വര്‍ഷം ജോലി ചെയ്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പിയര്‍ റിവ്യൂവറായും ഫെഡറല്‍ അഡ്വൈസറി കമ്മിറ്റിയുടെ സൈറ്റ് വിസിറ്റ് ടീം അംഗമായും ശ്യാമള ഗോപാലന്‍ സേവനമനുഷ്ഠിച്ചു. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക കമ്മീഷനിലും അവര്‍ സേവനമനുഷ്ഠിച്ചു.
Get real time update about this post categories directly on your device, subscribe now.