വയനാട്ടിലെ ആദിവാസികള്‍ക്ക് സഹായഹസ്തവുമായി മമ്മൂക്ക വീണ്ടും ; കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനെ അഭിനന്ദിച്ച് കളക്ടര്‍

പദ്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ സഹായങ്ങള്‍ വീണ്ടും വയനാട്ടിലേക്കെത്തി. ഇത്തവണ അംഗപരിമിതരായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സഹായ ഉപകരണങ്ങളുമായാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ വയനാട്ടിലെത്തിയത്.

ദുരിതകാല സഹായങ്ങള്‍ക്ക് പുറമേ വിവിധ ആദിവാസിക്ഷേമ പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വയനാട്ടിലെത്തിയത്.പൂര്‍വ്വികം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സഹായ ഉപകരണങ്ങളുടെ വിതരണം.ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള വീല്‍ ചെയറുകളും, വയോജനങ്ങള്‍ക്കുള്ള ക്രച്ചസുകളും കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റിന്റെ ആവശ്യം പരിഗണിച്ചാണ് വയനാട്ടിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചത്.പിന്നോക്കമേഖലകളിലേക്ക് സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനീയമെന്ന് കളക്ടര്‍ അദീല അബ്ദുള്ള ചടങ്ങില്‍ പറഞ്ഞു.അംഗ പരിമിതരായ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും, സഹായങ്ങളും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്
കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപുഴ പറഞ്ഞു.

സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കിവരുന്നുണ്ട്.മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം വയനാട്ടിലെ ആദിവാസിമേഖലകളിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമെന്നും അദ്ധേഹം പറഞ്ഞു.ഐ ഡി ടിപി ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ. സി ചെറിയാന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here