രണ്ടുവര്‍ഷത്തിനിടെ തള്ളിയ വിള ഇന്‍ഷുറന്‍സ് അപേക്ഷകളില്‍ 9 ഇരട്ടി വര്‍ധന; പിഎം ഫസല്‍ ഭീമ യോജന പരാജയമെന്ന് കണക്കുകള്‍

പിഎം ഫസൽ ഭീമ യോജന പരാജയമെന്ന് കണക്കുകൾ. 2 വർഷത്തിനിടെ തള്ളിയ വിള ഇൻഷുറൻസ് അപേക്ഷകളിൽ 9 ഇരട്ടി വർധന.

2017-18ൽ 92,869 അപേക്ഷകൾ തള്ളിയപ്പോൾ 2019-20ആകുമ്പോഴേക്കും ഇത് 9.28 ലക്ഷം അപേക്ഷകളായി ഉയർന്നു. കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വപ്‍ന പദ്ധതികളിലൊന്നായി വിശേപ്പിച്ചുകൊണ്ട് 2016ലാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന പ്രഖ്യാപിച്ചത്. കുറഞ്ഞ പ്രീമിയത്തിൽ കൂടുതല്‍ ഇന്‍ഷുറന്‍സെന്ന അവകാശവാദത്തോടെ ആരംഭിച്ച പദ്ധതിയുടെ ഗുണഭോക്താക്കൾ കർഷകരല്ല, ഇൻഷുറൻസ് കമ്പനികളായിരിക്കുമെന്ന് വിമർശിക്കപ്പെട്ടിരുന്നു.

ഇത് സാധൂകരിക്കുന്നതാണ് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ കണക്കുകൾ. ഇൻഷുറൻസ് തുക ലഭിക്കാൻ കർഷകർ നൽകിയ അപേക്ഷകൾ തള്ളുന്നത് 2 വർഷത്തിനിടെ വൻ തോതിൽ വർധിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

2017-18ൽ 92,869 അപേക്ഷകൾ തള്ളി. 2018- 19ൽ 2.04 ലക്ഷം അപേക്ഷകൾ തള്ളി. 2019 – 20 ൽ 900 ശതമാനം വർദ്ധിച്ച് 9. 28 ലക്ഷം അപേക്ഷകളായി ഉയർന്നു. വിള നാശം കർഷകർ അറിയിക്കാൻ വൈകി, വിളകൾ ഇൻഷൂർ ചെയ്തില്ല തുടങ്ങിയ വിശദീകരണങ്ങൾ നൽകി ഈ കണക്കുകളെ സഭയിൽ കേന്ദ്ര സർക്കാർ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗം മാനസ് രഞ്ജൻ ഭൂനിയയ്ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര പദ്ധതിയുടെ പരാജയം കൂടുതൽ വെളിപ്പെട്ടത്.

പദ്ധതി പരാജയമാണെന്ന വിമർശനം ഉയർന്നതോടെ പദ്ധതിക്ക് പുറത്തുപോകാനും സ്വന്തം നിലയിൽ വിള ഇൻഷുറൻസ് പദ്ധതി ആരംഭിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News