അതിർത്തിയിൽ പൂക്കൾ നിരത്തി വച്ച്‍ പ്രധിഷേധം; ‘സിമന്‍റ് ചുമരുകൾക്കുള്ള മറുപടിയെന്ന് കർഷകർ’

ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി അതിർത്തിയിൽ ഉറപ്പിച്ച ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ നിരത്തി വച്ച് കർഷകർ. ഗാസിപ്പൂർ അതിർത്തിയിലാണ് കർഷകർ പൂച്ചെടികൾ വച്ചത്. റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്കും സിമന്‍റ് ചുമരുകൾക്കുമുള്ള മറുപടിയാണ് ഇതെന്ന് കർഷകർ പറഞ്ഞു.

‘കർഷകർക്കായി പൊലീസ് ഇരുമ്പാണികളാണ് വച്ചത്. ഞങ്ങൾ അവർക്ക് പൂക്കൾ നൽകാൻ തീരുമാനിച്ചു’ എന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രതീകാത്മകമെന്ന രീതിയിലാണ് അതിർത്തിയിൽ പൂക്കൾ വച്ചുള്ള പ്രതിഷേധം.

പൊലീസിന്റെ ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ വച്ച്, റോഡിൽ വിത്തിറക്കി കർഷകർ
ഇതിന് പുറമേ, ഗതാഗതം നിരോധിച്ച ഡൽഹി-മീററ്റ് ദേശീയ പാതയിൽ മണ്ണിറക്കി കൃഷി ആരംഭിക്കാൻ ഒരുങ്ങുകയാണ് കർഷകർ. ഇതിനായി രണ്ട് ലോഡ് മണ്ണ് റോഡിൽ കഴിഞ്ഞ ദിവസമിറക്കിയിട്ടുണ്ട്. മണ്ണിൽ തൊട്ടുവന്ദിച്ച ശേഷമാണ് രാകേഷ് ടികായത്തും സംഘവും അതു റോഡിൽ നിരത്തിയത്. ഡൽഹി-ഡാബർ തിരാഹ റോഡിൽ പൂന്തൊട്ടമൊരുക്കാനും കർഷകർക്ക് പദ്ധതിയുണ്ട്.

പൊലീസിന്റെ ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ വച്ച്, റോഡിൽ വിത്തിറക്കി കർഷകർ
ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ അതിർത്തിയിലെ താൽക്കാലിക ടെന്റുകളിലാണ് ഇപ്പോൾ കഴിയുന്നത്. ഗാസിപ്പൂരിന് പുറമേ, തിക്രിയിലും സിംഗുവിലും ആയിരക്കണക്കിന് കർഷകരാണ് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്നത്. കർഷകരുമായി പതിനൊന്ന് തവണ സർക്കാർ ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ല.

ഇന്ന് റോഡുപരോധം

കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം ഇന്ന്. പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെയാണ് സമരം. ഡൽഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തെ നേരിടാൻ പൊലീസ് സുരക്ഷ ശക്തമാക്കി.

കര്‍ഷക നിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമാക്കുന്നതിനാണ് സംയുക്ത സമര സമിതി ഇന്ന് രാജ്യവ്യാപക റോഡുപരോധ സമരം നടത്തുന്നത്. ദേശീയ സംസ്ഥാന പാതകൾ തടഞ്ഞാകും സമരം. അതേസമയം ഡൽഹിയിലും യുപിയിലും ഉത്തരാഖണ്ഡിലും സമരം ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ എപ്പോൾ വേണമെങ്കിലും സമരം നടത്താമെന്നും മറ്റിടങ്ങളിൽ കര്‍ഷകരെ ഒരുക്കി നിര്‍ത്താനായാണ് സമരം നടത്തുന്നതെന്നും ബികെയു നേതാവ് രാജേഷ് തികായത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News