തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയത പറയുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം; രാഷ്ട്രീയം തുടങ്ങുന്നവര്‍ ചരിത്രം പഠിക്കണം: കെസിബിസി

ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിഷ് നടപടിയെ ന്യായീകരിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി വോട്ട് ലക്ഷ്യമാക്കി പ്രതികരണങ്ങള്‍ നടത്തുന്നത് ആശാസ്യമായ നടപടിയല്ലെന്നും ചാണ്ടി ഉമ്മന് മറുപടിയായി കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.

ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണം. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കുന്നതാണ്. തുര്‍ക്കി ഭരണാധികാരി എര്‍ദോഗന്റെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചന്ദ്രികയില്‍ ലേഖനമെഴുതിയ മുസ്ലിം ലീഗ് നേതാവിനെ ന്യായീകരിക്കുകയാണ് ചാണ്ടി ഉമ്മന്‍ ചെയ്തത്. എര്‍ദോഗാന്‍ ബോധപൂര്‍വം ചരിത്രത്തെ അവഹേളിച്ചുകൊണ്ടു ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വര്‍ത്തമാനത്തിലൂടെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരുവു വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കുമെന്നും കെസിബിസി ചാണ്ടി ഉമ്മന് മറുപടിയായി പറഞ്ഞു.

ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നത്.

ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജ്യേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ടെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം. ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറിയപ്പോള്‍ ആര്‍ക്കും വിഷമമുണ്ടായില്ലെന്നും ഹാഗിയ സോഫിയയുടെ കാര്യത്തില്‍ ഇല്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഇവിടെ തമ്മിലടിപ്പിക്കുകയാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News