ചക്കാ ജാം; രാജ്യവ്യാപകമായി ദേശീയ സംസ്ഥാന പാതകള്‍ തടഞ്ഞ് കര്‍ഷകര്‍

‘ചക്കാ ജാം’ അഥവ വഴിതടയല്‍ ഭാഗമായി പഞ്ചാബ്, ഹരിയാന ഹൈവേകള്‍ കര്‍ഷകര്‍ തടഞ്ഞു. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മൂന്നു മണിക്കൂറോളം വാഹനങ്ങള്‍ തടഞ്ഞു.

ഡല്‍ഹിയിലേയ്ക്കുള്ള റോഡുകള്‍ നിലവില്‍ അതിര്‍ത്തികളിലെ സമരം മൂലം സ്തംഭിച്ചതിനാലാണ് ഡല്‍ഹിയ്ക്കുള്ളില്‍ ചക്കാ ജാം ഉണ്ടാകാത്തതെന്ന് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് അറിയിച്ചു.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന 40 കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ‘ചക്ക ജാം’ സമരത്തിന് ആഹ്വാനം നല്‍കിയത്.

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയും, കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിലക്കുകയും ചെയ്തതടക്കമുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഈ സമരം എന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

അതേസമയം ചക്കാ ജാമിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് തലസ്ഥാന നഗരിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഘാസിപൂര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി മേഖലകളില്‍ ബാരിക്കേഡുകള്‍ അണിനിരത്തിയാണ് പ്രതിരോധം.

അതേസമയം കർഷകസമരത്തിൽ പങ്കെടുക്കുന്നവർക്കും സമരത്തെ പിന്തുണയ്‌ക്കുന്നവർക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത ഭീഷണി. സാമൂഹ്യമാധ്യമങ്ങളിലൂടെ ‘ദേശവിരുദ്ധ’ പരാമർശങ്ങൾ നടത്തുന്നവരുടെ പാസ്‌പോർട്ട്‌ കണ്ടുകെട്ടുമെന്നും ആയുധ ലൈസൻസ്‌ റദ്ദാക്കുമെന്നും ഉത്തരാഖണ്ഡ്‌ സർക്കാർ അറിയിച്ചു.

പ്രതിഷേധം, ഉപരോധം തുടങ്ങിയ സമരങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ബാങ്ക്‌ വായ്‌പ, സർക്കാർ ജോലി, പാസ്‌പോർട്ട്‌, സർക്കാർ കരാറുകൾ, ആയുധ ലൈസൻസ്‌ തുടങ്ങി പൊലീസ്‌ വെരിഫിക്കേഷൻ ആവശ്യമായവ നിഷേധിക്കുമെന്ന്‌ ബിഹാർ ഡിജിപി അറിയിച്ചു.

അതേസമയം, അധികൃതരുടെ വിലക്ക്‌ ലംഘിച്ച്‌ യുപിയിലെ ഷാംലിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്ത്‌ മഹാപഞ്ചായത്ത്‌ ചേർന്നു. മുസഫർനഗർ, ബാഗ്‌പത്‌, ബുലന്ദ്‌ഷഹർ, ജിന്ദ്‌‌ തുടങ്ങിയ സ്ഥലങ്ങളിലും കർഷകർക്ക്‌ പിന്തുണയുമായി മഹാപഞ്ചായത്ത്‌ ചേർന്നിരുന്നു.

കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്‌ദാനം സർക്കാർ നൽകിയത്‌ നിയമങ്ങളിൽ എന്തെങ്കിലും പിഴവുള്ളത്‌ കൊണ്ടല്ലെന്ന്‌ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ പറഞ്ഞു. മൂന്ന്‌ നിയമത്തിലും ഒരു പിഴവ്‌ പോലും ചൂണ്ടിക്കാട്ടാൻ കർഷകസംഘടനകൾക്കായില്ല. കർഷകർക്ക്‌ ഗുണം ചെയ്യുന്നതാണ്‌ നിയമങ്ങൾ. ഒരു സംസ്ഥാനത്ത്‌ മാത്രമാണ്‌ എതിർപ്പുള്ളത്‌–- തോമർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News