കര്‍ഷകരുടെ വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം ; ആനി രാജ ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നയിക്കുന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സി.പി.ഐ നേതാവ് ആനി രാജയടക്കം 50 പേര്‍  പോലീസ് കസ്റ്റഡിയില്‍. കൂടാതെ മൂന്ന് ട്രേഡ് യൂണിയന്‍ നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയതായാണ് പുറത്തുവരുന്ന വിവരം. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുകയാണ്. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരിക്കും ഉപരോധം.

ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും ഉപരോധമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു.

ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിക്കുക. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സമരത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും കര്‍ഷകര്‍ വിതരണം ചെയ്യുമെന്ന് ബികെയു നേതാവ് രാകേഷ് തികയത് വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മൂന്ന് മണിക്ക് ശേഷം ഒരു മിനിറ്റ് സമയം വാഹനങ്ങളുടെ സൈറണ്‍ മുഴക്കിക്കൊണ്ടായിരിക്കും സമരം സമാപിക്കുക.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചത്.
അതേസമയം ദല്‍ഹിയിലേക്ക് കടക്കില്ലെന്നാണ് കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി നിരകളായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News