‘ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി’ ; സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍ സിദ്ധാര്‍ഥ് സച്ചിനെ ട്രോളിയത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യയുടെ 11 കളിക്കാര്‍ മാത്രം മതിയെന്നും ഇംഗ്ലണ്ടിന്റെ കളിക്കാരുടെ ആവശ്യമില്ലെന്നുമാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. #IndiaUnited #IndiaAgainstEngland   എന്നീ ഹാഷ്ടാഗോടെയാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ വിമര്‍ശനം രേഖപ്പെടുത്തിയത്.

‘ഇന്ത്യ ഒരു മികച്ച രാജ്യമാണ്. ഇംഗ്ലണ്ട് നമ്മള്‍ക്ക് എതിരായി കളിക്കാന്‍ ആഗ്രഹിക്കും, പക്ഷേ നമ്മുടെ പരമാധികാരം അവര്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കാന്‍ കഴിയില്ല. ഇന്ത്യയ്ക്ക് സ്വയം പന്തെറിയാനും ബാറ്റ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും അറിയാം. കളിക്കാന്‍ ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി.’ എന്നാണ് സിദ്ധാര്‍ഥ് രസകരമായ രീതിയില്‍ കുറിച്ചത്.

കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന എത്തിയതോടെ ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇതോയെ നിരവധിപേരാണ് സച്ചിന് എതിര്‍പ്പുമായി രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളില്‍ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കര്‍ഷക സമരത്തിന്റെ തുടക്കം മുതല്‍ തന്നെ സിദ്ധാര്‍ഥ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും നടന്‍ സിദ്ദാര്‍ത്ഥ് മുന്‍പും രംഗത്തെത്തിയിരുന്നു. ഹീനമായ കുറ്റകൃത്യം ചെയ്തവരാണ് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് പറയുന്നതെന്നും താരം പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here