പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുഡിഎഫിന്റെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ കണ്ടെത്തി വിജിലന്‍സ്. പട്ടികജാതിവകുപ്പിനു കീഴിലെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ 194 ജീവനക്കാരില്‍ 175പേരും പിന്‍വാതില്‍ നിയമനം നേടിയവരാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

പിന്‍വാതില്‍ നിയമനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാനദണ്ഡം പാലിക്കാത്തതിനാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയിരുന്നു. 2015ലാണ് ഒരു മാനദണ്ഡവും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ നടന്നത്.

അന്ന് വിജിലന്‍സ് സിഐ ആയിരുന്ന കെ എം പ്രവീണ്‍കുമാര്‍ അന്വേഷിച്ച് 175പേരുടെ നിയമനം അനധികൃതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മുഴുവന്‍ റദ്ദാക്കി മാനദണ്ഡം പാലിച്ച് വീണ്ടും നിയമനം നടത്തണമെന്ന് ശുപാര്‍ശയും നല്‍കിയിരുന്നു. എംഎല്‍എയുടെ കത്തും മൂന്ന് ലക്ഷംരൂപയും നല്‍കിയാല്‍ നിയമനം ഉറപ്പായിരുന്നുവെന്ന് അന്ന് തെളിവെടുപ്പില്‍ ചില ഉദ്യോഗാര്‍ഥികള്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ് ആന്‍ഡ് ഗവേണന്‍സ് എന്ന സ്ഥാപനത്തിനാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ അധികാരം നല്‍കിയത്. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ആരും കാണാത്തവിധം ചെറിയ പരസ്യം നല്‍കി വേണ്ടപ്പെട്ടവരില്‍നിന്ന് മാത്രമായി അപേക്ഷ വാങ്ങി നേരിട്ട് നിയമിക്കുകയായിരുന്നു അന്ന് നടന്നത്.

കോണ്‍ഗ്രസ്നേതാക്കളുടെ ബന്ധുക്കളുള്‍പ്പെടെ ഈ അവസരം ഉപയോഗിച്ച് ജോലി നേടി. പണവും സ്വാധീനവുമായിരുന്നു മുഖ്യപരിഗണന. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിയമനം റദ്ദാക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കണമെങ്കില്‍ അധ്യാപക- അനധ്യാപക തസ്തികകളില്‍ സ്ഥിരനിയമനം വേണം.

യുഡിഎഫ് സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാതെയാണ് മുഴുവന്‍ നിയമനവും നടത്തിയത്. ഇത്തരത്തില്‍ നടത്തിയ പിന്‍വാതില്‍നിയമനം മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചുമില്ല. ഇതാണ് അംഗീകാരം നഷ്ടപ്പെടാന്‍ ഇടയാക്കിയ മറ്റൊരു കാരണം.

പിന്നീട്, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള അനധികൃത നിയമനങ്ങള്‍ റദ്ദാക്കുകയും 234 തസ്തിക സൃഷ്ടിച്ച് മാനദണ്ഡം അനുസരിച്ച് ജീവനക്കാരെ നിയമിക്കുകയും ചെയ്തു. അതിനുശേഷമാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ആശുപത്രിക്ക് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News