സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചു. ആരോഗ്യപ്രവർത്തകർ മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവരുടെ അവസരം നഷ്ടമാകുമെന്ന് മന്ത്രി അറിയിച്ചു. രജിസ്റ്റർ ചെയ്ത 4.16 ലക്ഷം ആരോഗ്യപ്രവർത്തകരിൽ 2.95ലക്ഷം പേരാണ് ഇതുവരെ വാക്സിനെടുത്തത്.

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി ചേരണം.

ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പുതിയ നിർദേശം. അന്നേ ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

ആരോഗ്യപ്രവർത്തകർ മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവരുടെ അവസരം നഷ്ടമാകും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്.

രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷൻ പൂർത്തിയായക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി മൊബൈലില്‍ സന്ദേശം ലഭിച്ച ദിവസം തന്നെ വാക്‌സിന്‍ കേന്ദ്രത്തില്‍ ആരോഗ്യപ്രവർത്തകർ എത്തണമെന്നും മന്ത്രി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News