വളാഞ്ചേരി അഷ്റഫും നടൻ ജോസും തമ്മിലൊരു മീൻ ബന്ധം?ജോൺ ബ്രിട്ടാസ് എഴുതുന്നു

മീനിനെ പിടിച്ച് കരയിൽ ഇടുന്നതു പോലെയാണ് മലയാളിയെ മത്സ്യത്തിൽ നിന്നും വേർതിരിക്കുന്നത് . മലയാളിയുടെ സമസ്ത ജീവിത പ്രതലങ്ങളിലും മീനിന് അത്രത്തോളം സ്വാധീനം ഉണ്ട്. ശരാശരി മലയാളിക്ക് മീനില്ലാതെ ഭക്ഷണം ഇറങ്ങില്ല എന്നതാണ് വാസ്തവം.

നമ്മുടെ സാഹിത്യത്തിലും സിനിമയിലുമൊക്കെ മീൻ എപ്പോഴും തിളങ്ങിനിൽക്കുന്നത് കാണാം.രാഷ്ട്രപതിയുടെ സ്വർണമെഡൽ ദക്ഷിണേന്ത്യയിലേക്ക് ആദ്യം കൊണ്ടുവന്നത് രാമു കാര്യാട്ടിന്റെ ചെമ്മീൻ എന്ന ചലച്ചിത്രമാണ്.തകഴിയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തി നെയ്തെടുത്ത,തീക്ഷ്ണ പ്രണയത്തിന്റെയും വിരഹത്തിന്റെയും വെള്ളിവെളിച്ചത്തിലാണ് മലയാളി ഇന്നും.

ഓളവും തിരയും കടൽ ജീവിതവുമൊക്കെയുള്ള കഥകൾ മലയാള സിനിമയിൽ കുറഞ്ഞു വരുന്നുണ്ടോ എന്ന സംശയം പലർക്കുമുണ്ട്.എന്നാൽ വ്യത്യസ്ത ഭാവത്തിലും രൂപത്തിലും അത് നമ്മുടെ സിനിമയിൽ അന്തർലീനമായി കിടക്കുന്നുണ്ട്. മത്സ്യഗന്ധം ഉയരുന്നില്ലെങ്കിലും കുമ്പളങ്ങി നൈറ്റ്സ് പോലുള്ള ആധുനിക സിനിമയിൽ പശ്ചാത്തലമായി ഓളപ്പരപ്പ് തിരതല്ലുന്നുണ്ട്.ചെമ്മീൻ രണ്ടാം ഭാഗം എന്നകണക്കിൽ ഇറങ്ങിയ സുരേഷ് ഗോപിയും മഞ്ജു വാര്യരും ചേർന്ന് അഭിനയിച്ച തിരകൾക്കപ്പുറം വേണ്ടത്ര വിജയമായിരുന്നില്ല.എന്നാൽ ചെമ്മീൻ എന്ന ചിത്രത്തിന്റെ പുനർവായനക്കും പുനർകാഴ്ചക്കും ഇതുപകരിച്ചു.

മത്സ്യവും സിനിമയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയാനല്ല ഞാൻ ഈ കുറിപ്പ് എഴുതുന്നത്.സമയവും സ്ഥലവും അനുവദിക്കുകയാണെങ്കിൽ അവസാനം ഇതിലേക്ക് മടങ്ങാനും എനിക്ക് വൈമനസ്യം ഇല്ല. എന്റെ ജന്മദേശം കണ്ണൂർ ആയതുകൊണ്ട് മീനിനെ മുൻ നിർത്തി പലപ്പോഴും ഞങ്ങളെ തോണ്ടുന്ന പ്രക്രിയയ്ക്ക് ഞാൻ ഒരുപാട് ഇരയായിട്ടുണ്ട്. “ഒരുമാതിരി വാക്കുകളൊക്കെ ഏങ്കോണിച്ച് പറയുന്നവരാണ് കണ്ണൂര്കാർ.എന്നാൽ മീനിന്റെ കാര്യം വരുമ്പോൾ ഇവരുടെ ഭവ്യത ഒന്ന് കാണണം”! ബാക്കി എല്ലാ സ്ഥലങ്ങളിലും മീൻ എന്നുതന്നെയാണ് പറയുന്നത് ,എന്നാൽ കണ്ണൂര് മത്സ്യം എന്ന സംസ്കൃത പദത്തിലൂടെ മാത്രമേ നമ്മുടെ ഇഷ്ടപ്പെട്ട വിഭവത്തെ അഭിസംബോധന ചെയ്യാറുള്ളൂ!

മത്സ്യ വിഭവങ്ങളുടെ കാര്യത്തിൽ മലബാറും മറ്റു പ്രദേശങ്ങളും തമ്മിൽ സൂക്ഷ്മ തലത്തിൽ നിരവധി വേർതിരിവുകൾ ഉണ്ട്. കടൽ മത്സ്യങ്ങളാണ് ഞങ്ങൾക്ക് ഏറെ താൽപര്യം.തെക്കുള്ളവർ ഇഷ്ടപ്പെടുന്ന പല മത്സ്യങ്ങൾക്കും ഞങ്ങളുടെ അടുക്കളയിൽ സ്ഥാനമില്ല .പാരയും ചൂരയും അതിൽപ്പെടും. ആവോലിയും ഐക്കൂറയും വിട്ടൊരു കളി ഞങ്ങൾക്കില്ല.അതിനുപുറമെ സ്രാവും തിരണ്ടിയും കണ്ണൂരുകാർ യഥേഷ്ടം ഉപയോഗിക്കും.കണ്ണൂരിലെ തീയ സമുദായത്തിൽ പെട്ടവരുടെ വിവാഹത്തിന്റെ തലേദിവസമുള്ള സൽക്കാരത്തിന് പച്ചസ്രാവില്ലെങ്കിൽ ആഘോഷമങ്ങ് പൂർണ്ണമാകില്ല.തിരുവിതാംകൂറിൽ സ്രാവും തെരണ്ടിയും അത്ര ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല.എന്നാൽ തെരച്ചി എന്ന പേരിൽ തിരണ്ടി പ്രസവരക്ഷക്ക് തിരുവിതാംകൂറിൽ നൽകാറുണ്ട് എന്ന് കേട്ടിട്ടുണ്ട് .തിരുവിതാംകൂറിൽ പരവ എന്നറിയപ്പെടുന്ന മീൻ ഞങ്ങൾക്ക് അട് ആണ്.ചൂര ഞങ്ങൾക്ക് കേതൽ .കേതലിനെ ഞങ്ങൾക്ക് അത്ര പ്രിയവുമല്ല.ചൂര ഏറ്റവുമധികം കയറ്റി അയച്ച് പണമുണ്ടാക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ് .പിടക്കുന്ന മത്തി എറിഞ്ഞാണ് അവർ ചൂരയെ കുരുക്കുന്നത്.

കൊഞ്ചിന് ബഹുമാനം ചാർത്താൻ ഒരു ചില്ലക്ഷരം കൂട്ടിച്ചേർത്ത് കൊഞ്ചൻ എന്നാണ് ഞങ്ങൾ പറയാറുള്ളത്.പല ചെറു മത്സ്യങ്ങളെയെല്ലാം ചേർത്ത് “ചരു” എന്നൊരു ബ്രാൻഡ് തന്നെയുണ്ട് കണ്ണൂരിന്. .ഐക്കൂറ എന്ന് പറഞ്ഞാൽ തെക്കുള്ളവർക്ക് മനസിലാക്കണമെന്നില്ല .അവർക്കത് നെയ്മീൻ ആണ്. ഡൽഹിയിൽ മീൻ വാങ്ങാൻ പോയ സമയത്ത് ഐക്കൂറ എന്ന് പറഞ്ഞതിന് എം എ ബേബി എന്നെ പരിഹസിച്ചിട്ടുണ്ട്. “ഇത്രയും നല്ല മീനിനെ കൂറ എന്ന് നിങ്ങൾ അല്ലാതെ ആരെങ്കിലും വിളിക്കുമോ”?രാഷ്ട്രീയം കലാസാംസ്കാരികം കായികം എന്നീ കാര്യങ്ങളിലെന്നപോലെ മത്സ്യ സംബന്ധമായ കാര്യങ്ങളും എം എ ബേബി വിദഗ്ധനാണ്.കണമ്പ്,തിരുത ,കാളാഞ്ചി ,ചെമ്പല്ലി തുടങ്ങി കണ്ണൂരിന് അത്ര പരിചിതമല്ലാത്ത പല മത്സ്യങ്ങളുടെയും ജാതകക്കുറിപ്പ് പോലും എം എ ബേബിക്ക് അറിയാം. ഡൽഹിയിൽ മീൻ കറി കൂട്ടി നല്ല ഭക്ഷണം കഴിച്ചിട്ടുള്ളത് എം എ ബേബി യുടെ വീട്ടിൽ വച്ചാണ്.എം എ ബേബിയുടെ ഭാര്യ ബെറ്റി മീൻകറിയുടെ കാര്യത്തിൽ അതിവിദഗ്ധയാണ്. വി പി ഹൗസിലെ ഫ്ലാറ്റിൽ ബെറ്റി അമൂല്യ വസ്തുവായി സൂക്ഷിച്ചിരുന്നത് 2 മൺചട്ടികൾ ആയിരുന്നു.

ബെറ്റി ലൂയിസ് ബേബി ,എം എ ബേബി

ബേബിയെ പോലെ തന്നെ മത്സ്യത്തിന്‍റെ കാര്യത്തിൽ വൈദഗ്ധ്യമുള്ള ആളാണ് ഡോക്ടർ തോമസ് ഐസക്ക്. അദ്ദേഹം കൈരളി ഡയറക്ടറായിരുന്ന കാലഘട്ടത്തിൽ പലപ്പോഴും മത്സ്യവിഭവങ്ങൾ കിട്ടുന്ന പല സ്ഥലങ്ങളിലും എന്നെ കൊണ്ടു പോയിട്ടുണ്ട് .ചേർത്തലയിലെ കായിപ്രയിൽ വൈദ്യരുടെ മീൻ കടയിൽ ഞാൻ ഡിസ്കൗണ്ട് വാങ്ങിയിരുന്നത് ഡോക്ടർ ഐസക്കിന്‍റെ പേര് പറഞ്ഞാണ്. എംഎൽഎ പറഞ്ഞിട്ട് വന്നതാണെന്ന് മുഖവുര പറഞ്ഞാൽ വൈദ്യർക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. തൊട്ട് എതിർവശത്തുള്ള വീട്ടിൽ ഭക്ഷണം വിളമ്പാനും അദ്ദേഹം ഉത്സാഹിക്കും .

ടി.എം. തോമസ് ഐസക്

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ സമയത്ത് എനിക്ക് പലരും തന്നെ മുന്നറിയിപ്പിൽ ഒന്ന് “പാര”ആയിരുന്നു.തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ഏറ്റവും സുലഭമായി കിട്ടുന്നത് പാരയാണെന്ന പ്രത്യേകതയുമുണ്ട്.”പാര” വേണോ എന്ന ചോദ്യത്തിന് ജീവിതത്തിൽ ആവോളം കിട്ടുന്നുണ്ടല്ലോ ഇനി ഇവിടുന്നു കൂടി വേണോ എന്ന എൻറെ പ്രതികരണത്തിൽ നെറ്റിചുളിച്ചവർ ധാരാളം. നല്ലവരായ ആളുകൾ താമസിക്കുന്ന തിരുവനന്തപുരത്തെ കുറിച്ചുള്ള ആ പരാമർശം വെറും ചീപ്പ് ആണെന്ന് ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തി കഴിഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ചൂരയുമായി കണ്ണൂരുകാർ വിയോജിക്കാനുള്ള കാരണമെന്തായിരിക്കും?മറ്റു മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ചൂര മുറിക്കുമ്പോൾ ഉള്ള നിറം. ഇതായിരിക്കാം ഒരു കാരണം. രുചിയിലും വ്യത്യാസമുണ്ട് .എൻറെ സ്നേഹിതനും കൈരളിയുടെ ഡയറക്ടറുമായിരുന്ന അഡ്വക്കേറ്റ് എ എ റഷീദ് ചൂരയുടെ മേൽ പുലിവാല് പിടിച്ചിട്ടുണ്ട്. എകെജി സെൻററിൽ നല്ലൊരു ഭക്ഷണം ഏർപ്പാടാക്കിയപ്പോൾ അതിന്‍റെ കാർമികത്വം വഹിച്ചത് റഷീദ് ആയിരുന്നു.അന്നത്തെ ഭക്ഷണത്തിന്റെ പ്രധാന വിഭവം ചൂരായായിരുന്നു.കണ്ണൂരുകാർ ഒന്നടങ്കം ചൂരക്കൊപ്പം പാവം റഷീദിനെയും പ്രതിക്കൂട്ടിൽ നിർത്തി .അന്നാണ് കണ്ണൂരും മത്സ്യവും തമ്മിലുള്ള ഇഷ്ട്ടാനിഷ്ടങ്ങളുടെ അകംപൊരുൾ ഞാൻ റഷീദിന് പറഞ്ഞു കൊടുത്തത് .അതിനുശേഷം റഷീദും ചൂരയെ തന്‍റെ വീട്ടിലും കരിമ്പട്ടികയിൽ ചേർത്തു.

അഡ്വ.എ എ റഷീദ്

ഒരുപാട് മത്സ്യ പ്രിയരെ കണ്ടിട്ടുണ്ടെങ്കിലും മീനിനെ താലോലിക്കുകയും തലോടുകയും ചെയ്യുന്ന ഒരാൾ മാത്രമേ എൻറെ സൗഹൃദവലയത്തിൽ ഉള്ളൂ. പ്രമുഖ വ്യവസായിയും കൈരളി ഡയറക്ടറുമായ വളാഞ്ചേരി വി കെ അഷ്റഫ്. മീൻ കറി വെച്ചാലും വറത്താലും പൊള്ളിച്ചാലും മുൻപിലെ പാത്രത്തിൽ അത് എത്തിയാൽ പിന്നെ അഷ്‌റഫിന്റെ ഭാവം അടിമുടി മാറും. ഒരു നുള്ള് എടുക്കുന്നതിനു മുൻപ് മീനിൻറെ മേൽ ഒന്ന് തലോടും .സ്നേഹം വമിക്കുന്ന സമ്പൂർണ്ണ ഉഴിച്ചിലിനു ശേഷം മീനിന് നോവുമോ എന്ന ആകുലതയും ആയിട്ടാണ് അടിവയറ്റിൽ നിന്ന് സാവധാനം ഒരു തുണ്ട് കരണ്ടി എടുക്കുക. കഴിയുമെങ്കിൽ അടിവയറിന്‍റെ ഭാഗം മാത്രമേ അഷ്റഫ് കഴിക്കൂ .ഒന്നുമില്ലാതെ അഷ്‌റഫ് അങ്ങനെ ചെയ്യില്ല എന്ന് ബോധ്യം ഉള്ള സുഹൃത്തുക്കൾ അദ്ദേഹത്തെ അനുകരിച്ച് തുടങ്ങിയിട്ടുണ്ട്.

ജോൺ ബ്രിട്ടാസ് ,ശശികുമാർ ,വി കെ അഷ്‌റഫ്

ആറ് പേരക്കിടാങ്ങളുടെ ഉപ്പൂപ്പയായിട്ടും സ്വന്തം മക്കളെക്കാൾ പ്രസരിപ്പും ചെറുപ്പവുമായി അഷ്റഫ് നടക്കുന്നതിന്‍റെ കാരണങ്ങളിലൊന്ന് ഇതായിരിക്കാമെന്നാണ് ഞങ്ങളുടെ നിഗമനം.മക്കളായ ആസിഫിന്‍റെയും അമീറിന്‍റെയും മുടി കൂടി കൊഴിഞ്ഞുതുടങ്ങിയതോടെ അഷ്‌റഫിനെ കണ്ടാൽ അവരുടെ ഇളയ അനുജൻ ആണെന്ന് മാത്രമേ ആരും പറയൂ .ഇക്കാരണം കൊണ്ടായിരിക്കാം ഭാര്യ ഫാത്തിമ അഷ്‌റഫിന്‍റെ തനതായ മീൻ കഴിക്കൽ രീതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാത്തത്.

വി കെ അഷ്‌റഫ് ഭാര്യ ഫാത്തിമയ്ക്കൊപ്പം

മക്കളായ ആസിഫിനും ആമിറിനുമൊപ്പം വി കെ അഷ്‌റഫ്

വി കെ അഷ്‌റഫിന്റെ കുടുംബ ചിത്രം

വി കെ അഷ്റഫിന്‍റെ മീൻ തലോടലും ഓമനിക്കലും ചർച്ച ചെയ്യുന്നതിനിടയിലാണ് അന്തരിച്ച പ്രമുഖ സാഹിത്യകാരനായ പുനത്തിൽ കുഞ്ഞബ്ദുള്ളയെ കുറിച്ചുള്ള വി ആർ സുധീഷിന്റെ രസകരമായ സംഭാഷണം കേൾക്കാനിടയായത്.അഷ്റഫിനെപ്പോലെ മോനെ മോളെ എന്നൊക്കെ മീനിനെ വിളിച്ച് തലോടിയ ശേഷമാണ് പുനത്തിലും മീൻകറി കൈകാര്യം ചെയ്തിരുന്നതത്രെ.

ലോകത്തിൻറെ ഏതു കോണിലും,ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും മത്സ്യത്തിന് സുപ്രധാന സ്ഥാനമുണ്ട്. ഹൈന്ദവ വിശ്വാസത്തിൽ മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം.പുരാതന സംസ്കൃതി ആയ മെസപ്പെട്ടോമിയയിൽ ഡാഗൻ എന്ന പേരിൽ മൽസ്യദൈവത്തെ ആരാധിച്ചിരുന്നു .നമ്മുടെ കഥകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്നത് മത്സ്യകന്യകകളാണ് .ഇതൊ‌ക്കെകൊണ്ടാണോ കുഞ്ഞിക്കയുടെയും അഷ്റഫിന്‍റെയും സ്വഭാവ വിശേഷത്തിന് കാരണമെന്ന് ഗാന്ധിമതി ബാലൻ അത്ഭുതം കൂറുന്നതും കണ്ടിട്ടുണ്ട്.

ലാഭനഷ്ടം നോക്കാതെ മത്സ്യകൃഷിക്ക് വേണ്ടി വി കെ അഷ്‌റഫ് എന്തും ചെയ്യും. കക്കോടുംപൊയ്യിലെ ഫല വൃക്ഷതോട്ടത്തേക്കാൾ പുള്ളിക്ക് ഇഷ്ടം അവിടെയുള്ള മീൻകുളം ആണ്.നെല്ലിയാമ്പതിയിൽ തോട്ടം വാങ്ങാൻ പോയപ്പോൾ മൂപ്പരെ അതിലേക്ക് ആകർഷിച്ചത് മീൻ വളർത്താൻ സൗകര്യമുള്ള വിശാലമായ കുളം ആണ്. മീനിന്‍റെ കാര്യത്തിൽ 360 ഡിഗ്രി വൃത്തം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഫ്രഷായി നല്ല മത്സ്യം കിട്ടുന്ന ആധുനിക മീൻ കടയും കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്.വൈകാതെ തിരുവനന്തപുരത്തുമെത്തും.

മീൻവളർത്തുന്നവരോട് അഷ്റഫിന് പ്രത്യേക മമതയുണ്ട് .ഈ ഒരു ഒറ്റ കാരണം കൊണ്ടാണ് റിയാസ് ഉൾപ്പെടെ പലരെയും മൂപ്പർ യാത്രയിൽ കൂടെ കൂട്ടുന്നത്. മീൻ ചാടി തുള്ളുന്നതിനെപ്പറ്റിയൊക്കെ പറഞ്ഞ് റിയാസിനെ പോലുള്ളവർ അഷ്റഫിനെ ചട്ടിയിലാക്കും. സ്വതവേ ഉദാരമനസ്കനായ അഷ്റഫ് മടിശ്ശീല വീണ്ടും അയക്കും.

റിയാസ്

ചെമ്മീൻ സിനിമയെ പറ്റി ആണല്ലോ നമ്മൾ പറഞ്ഞുതുടങ്ങിയത്. ചെമ്മീൻ ഹൃദ്യമായതിന് പിന്നിൽ അതിലെ ഇമ്പമാർന്ന ഗാനങ്ങൾ കൂടിയുണ്ട്. കറുത്തമ്മയും പരീക്കുട്ടിയും പളനിയുമൊക്കെ മരണപ്പെട്ടെങ്കിലും സമ്മിശ്ര വികാരത്തോടെയാണ് പ്രേക്ഷകർ തിയറ്ററിൽ നിന്നുമിറങ്ങിയത്. ഓരോരുത്തരിലും വേറിട്ട അനുഭൂതിയാണ് ചെമ്മീൻ സൃഷ്ടിച്ചത്. കണ്ണൂരുകാരെ വെല്ലുവിളിച്ചിട്ടെന്നപോലെ “മീൻ” എന്ന പേരിലുള്ള സിനിമയിലും രണ്ടു നല്ല പാട്ടുകൾ ഉണ്ട് -ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളെ എന്ന പ്രണയഗാനവും സംഗീതമേ എന്ന വിരഹ ഗാനവും.രണ്ട് ഗാനങ്ങളിലും സുന്ദരനായ ജോസ് ആണ് നായകനായി എത്തുന്നത്. വ ര്‍ഷങ്ങള്‍ക്കിപ്പുറം ജെ ബി ജംഗ്‌ഷൻ വേദിയിൽ ജോസ് എത്തിയപ്പോൾ
ഉല്ലാസപുത്തിരികൾ എന്ന ഗാനത്തിന് വേണ്ടി ചുവടുകൾ വെച്ചത് ഓർത്തുപോകുന്നു.

ആ സിനിമയിലെ പല രംഗങ്ങളും ജോസിനെ ആത്മപരിശോധനക്ക് പ്രേരിപ്പിച്ചെന്ന് ആ ഷോ കണ്ടവർക്ക് മനസിലായിട്ടുണ്ടാകും. ഇവിടെയെത്തിയപ്പോഴാണ് ജോസിന്‍റെ മസിലുകൾ അയഞ്ഞതും തന്‍റെ പിഴവുകളെ കുറിച്ച് കുമ്പസാരിച്ചതും. ജോസിനുണ്ടായ മാറ്റത്തിന് മീനിന്‍റെ ഗുണമേന്മയിലും നമുക്ക് അടിവരയിടേണ്ടിവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News