ബിജെപി അധികാരത്തിലെത്തിയ ശേഷം ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യ പിന്നില്‍

ആഗോള ജനാധിപത്യ റാങ്കിങ്ങിൻറെ പുതിയ പട്ടിക പുറത്തു വന്നു.
ലോകരാഷ്ട്രങ്ങളിൽ അതത് കാലത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ് വർഷാവർഷം ഈ പട്ടിക പ്രസിദ്ധികരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 2021 ലെ പട്ടികയിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ മുൻവർഷത്തേക്കാൾ 2 പടി പിന്നോട്ടിറങ്ങി 53 ആം സ്ഥാനത്തായിരിക്കുന്നു എന്നതാണ് ഇതിൽ നമ്മെ സംബന്ധിക്കുന്ന വാർത്ത.

2014 ൽ ബി ജെ പി അധികാരത്തിലെത്തുന്ന സന്ദർഭത്തിൽ 7.92 ആയിരുന്നു ഈ പഠന റിപ്പോർട്ടിലെ ഇന്ത്യയുടെ സ്കോർ . എന്നാൽ 2020 എത്തിയപ്പോഴേക്കും ഇത് 6.61 എന്ന നിലയിലേക്ക് കുത്തനെ കുറയുകയാണ് ചെയ്തത്.

ലോകത്തെ ഏറ്റവും വലിയ ഭരണഘടനയുള്ള, ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ കണക്കിലും കാര്യത്തിലും ഇത്രയ്ക്ക് പിന്നിലാണെന്ന വസ്ഥുത അപമാനകരമാണ്.

ജനാധിപത്യത്തിന് ഒരു നിർവ്വചനമല്ല ഉള്ളത്. പക്ഷേ എല്ലാ നിർവ്വചനങ്ങളും ചെന്നെത്തുന്നത് പൗരന്മാർക്ക് ലഭിക്കേണ്ട തുല്യ നീതിയെക്കുറിച്ചാണ്. അവസാനത്തെ മനുഷ്യനോടുമുള്ള കരുതൽ എന്നതാണ് ഗാന്ധി ആ ജനാധിപത്യത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നത്. ആ നീതിനിർവ്വഹണത്തിൽ നമ്മുടെ രാജ്യം എത്രത്തോളം പിന്നോട്ട് പോയെന്നതിന്റെ ആപത്കരമായ സൂചകമാണ് ഈ റിപ്പോർട്ട്.

നിർഭാഗ്യവശാൽ ഏഴാം വർഷത്തിലേക്ക് കടക്കുന്ന മോദി ഭരണത്തിൻകീഴിൽ ജനാധിപത്യമെന്നത് ആലങ്കാരികമായ ഒരു പദപ്രയോഗം മാത്രമായാണ് രാജ്യത്ത് അവശേഷിക്കുന്നത്. മനുഷ്യരെ വിഭജിച്ച് തെരുവിലിറക്കി പരസ്പരം പോരടിപ്പിക്കുന്ന ഭരണകൂട തന്ത്രം.

അപരമത വിദ്വേഷത്തിലൂടെ കൈപ്പിടിയിലാക്കിയ അധികാരം പിന്നീട് അമിതാധികാരത്തിൻറെ ഘട്ടവും പിന്നിട്ട് സ്വേച്ഛാധിപത്യത്തിന്റെ പാതയിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ

ജനപ്രാതിനിധ്യ സഭകളെ കേൾക്കാൻ പോലും തയ്യാറാവാതെയുള്ള
ജനവിരുദ്ധമായ നിയമനിർമാണങ്ങൾ, നിയമഭേദഗതികൾ, ചർച്ചകളില്ലാതെ ഒറ്റയ്ക്കുള്ള തീരുമാനങ്ങൾ, പൗരത്വം പോലും സംഘ പരിവാറിന്റെ മതസങ്കുചിത ബോധത്താൽ ചോദ്യംചെയ്യപ്പെടുന്ന സ്ഥിതി, കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമായുള്ള നയരൂപീകരണങ്ങൾ, ജനങ്ങളുടെ സ്വത്തായ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കൽ, അരോഗ്യ റെയിൽ വ്യോമയാന ഇൻഷുറൻസ് മേഖലകളുടെ സ്വകാര്യവൽക്കരണം ഇതെല്ലാം രാജ്യത്തിൻറെ ജനാധിപത്യ സ്വഭാവത്തെ തന്നെ ഇല്ലാതാക്കിക്കഴിഞ്ഞു.

അധികാര തുടർച്ചയിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതും പൗരത്വനിയമഭേദഗതിയും
തൊഴിൽ നിയമ ഭേദഗതികളും വിവരാവകാശ നിയമ ഭേദഗതിയും രാജ്യത്തെ അന്നമൂട്ടുന്ന കർഷകരെ കെടുതിയിലാക്കുന്ന കാർഷിക നിയമങ്ങളുമെല്ലാം ജനങ്ങളെ മറന്നുള്ള ഭരണകൂടത്തിന്റെ സ്വഭാവവും അജണ്ടയും വെളിവാക്കുന്നതാണ്.

കാർഷിക ബില്ലിനെതിരായി സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് യു എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർക്ക് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടി വന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ലോകത്ത് ജനങ്ങൾ അനുഭവിക്കുന്ന തുല്യതയേയും നീതിയേയും സംബന്ധിക്കുന്ന ഗൗരവകരമായ മറ്റ് പഠനറിപ്പോർട്ടുകളും ഇക്കാലയളവിൽ പുറത്തുവന്നിട്ടുണ്ട്. അതിലൊന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ ആഗോള ഹാപ്പിനെസ് ഇൻഡക്സ് .

ഒരു രാജ്യത്തിൻറെ ജിഡിപി നിരക്ക്, സർക്കാരിന്റെ നയങ്ങൾ , ഭരണകൂടങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കുന്ന സാമൂഹ്യ പിന്തുണ, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 153 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 144 ആം സ്ഥാനത്താണ് . 140 ആം സ്ഥാനത്ത് നിന്നാണ് രാജ്യം 4 പടി പിന്നോട്ട് പോയത്. ഇന്ത്യക്കു പിന്നിൽ അവശേഷിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളാൽ സംഘർഷഭരിതമായ
ഏതാനും ചില ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമാണ്.

2020ൽ പുറത്തുവന്ന ആഗോള വിശപ്പ് സൂചികയും ഇതുമായി ബന്ധപ്പെട്ട് പറയേണ്ടതാണ്. 107 രാജ്യങ്ങളെ ഉൾപ്പെടുത്തിയ കണക്കെടുപ്പിൽ ഇന്ത്യ തൊണ്ണൂറ്റിനാലാം സ്ഥാനത്താണ് . പട്ടിണിക്ക് കുപ്രസിദ്ധമായ ആഫ്രിക്കൻ രാജ്യം സുഡാന്റെയൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം .

വിശപ്പിൻറെ തീവ്രത ഏറ്റവും ഗുരുതരമായ തോതിൽ അനുഭവിക്കുന്ന 31 രാജ്യങ്ങൾ ഉൾപ്പെടുന്ന വിഭാഗത്തിലാണ് ഇന്ത്യയും. മറ്റൊരു സുപ്രധാന പഠനറിപ്പോർട്ടാണ് പ്രസ് ഫ്രീഡം ഇൻഡക്സ്. ആഗോള തലത്തിൽ പത്ര സ്വാതന്ത്ര്യത്തിന്റെ സ്ഥിതി പരിശോധിക്കുന്ന പാരിസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സ് നടത്തിയ പഠനത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 142 ആം സ്ഥാനത്താണ്.

2010 ലെ 122 ആം സ്ഥാനത്തു നിന്നാണ് ഇന്ത്യ 2020 ൽ 142 ലേക്ക് പിന്തള്ളപ്പെട്ടത്. മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ പഴങ്കഥയായിരിക്കുന്നു. ഒന്നുകിൽ രാജ്യത്തെ മാധ്യമങ്ങളെ ഒന്നാകെ ഭരണകൂടം വിലയ്ക്ക് വാങ്ങുന്നു. അല്ലെങ്കിൽ ഭയപ്പെടുത്തിയും നിരോധിച്ചും
വരുമാന മാർഗ്ഗങ്ങൾക്ക് തടസം സൃഷ്ടിച്ചും നിശബ്ദമാക്കുന്നു.

വ്യാജവാർത്തകളുടെ നിർമ്മാണ ശാലകളായ, മോദി സർക്കാരിന്റെ സ്തുതിപാടകരായ സോ കോൾഡ് ഗോഡി മീഡിയകൾക്കല്ലാതെ ഭരണകൂടത്തെ വിമർശിക്കാൻ തയ്യാറാകുന്ന ഒരു മാധ്യമ സ്ഥാപനത്തിനും നിലനിൽപ്പ് പോലും അസാധ്യമാകുന്ന സ്ഥിതിയാണ് . തൊട്ടടുത്ത നാളുകളിൽ ഇന്ത്യ ടുഡേ യിലെ വാർത്താവതാരകൻ രജദീപ് സർദേശായിക്കും കാരവൻ മാസികയുടെ എഡിറ്റർ വിനോദ്ദ് ജോസിനും സിദ്ദിഖ് കാപ്പനുമൊക്കെ നേരെ ചുമത്തിയ രാജ്യദ്രോഹ കുറ്റങ്ങൾ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

വ്യത്യസ്തരായി ഇരിക്കാനും ആ വ്യത്യസ്തതകളുടെ പേരിൽ വിവേചനത്തിന് ഇരകളായി തീരാതിരിക്കാനും സാധിക്കുമ്പോഴേ യഥാർത്ഥ ജനാധിപത്യം സാധ്യമാവു.

ഒരാൾക്ക് ഒരു വോട്ടും ഒരു വോട്ടിന് ഒരു മൂല്യവുമുള്ള ഒരു വ്യവസ്ഥയാണ് നമ്മുടേത്. എന്നാൽ എല്ലാ മനുഷ്യർക്കും തുല്യ മൂല്യമുള്ള ഒരു അവസ്ഥയിൽ നിന്നും നാം കാതങ്ങളോളം ഇന്ന് അകന്നുപോയിരിക്കുന്നു. അവർ ഇല്ലാത്ത ഞങ്ങൾ എന്ന, അപരത്വത്തെ സമ്പൂർണമായി നിരസിക്കുന്ന ഫാസിസത്തിലേക്ക് രാജ്യം നടന്നടുക്കുന്നതിന്റെ അടയാളപ്പെടുത്തൽ തന്നെയാണ് ആഗോള ജനാധിപത്യ സൂചികയിലെ ഇന്ത്യയുടെ പരിതാപകരമായ സ്ഥാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here