
കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ഹൃദയഭേദകം എന്ന് എംഎല്‍എ കെ യു ജനീഷ് കുമാര്‍. ലീഗിന് പണം പിരിച്ച് കീശയും വയറും വീര്‍പ്പിക്കാന്‍ വെറുമൊരു പേരായി ആസിഫയെന്നത് ഹൃദയഭേദകം ആണെന്നും ജനീഷ് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സംഘപരിവാറിനെതിരെ സന്ധിയില്ലാതെ പോരാടുന്ന സിപിഐഎമ്മിന്റെ ഒരു എളിയ പ്രവര്‍ത്തകന്റെ രാഷ്ട്രീയ നിലപാട് എന്ന നിലയിലും ഒരു പെണ്‍കുഞ്ഞിന്റെ അഭിമാനം നിറഞ്ഞ അച്ഛനെന്ന നിലയിലും എന്റെ മകള്‍ക്ക് ഞങ്ങള്‍ ആസിഫ എന്നാണ് പേരിട്ടത് എന്നും ജനീഷ് കുമാര്‍ കുറിച്ചു.
ആസിഫ എന്നത് കശ്മീര്‍ താഴ്വരയിലെ ആടുമേക്കും യൂസഫിന്റെ മാത്രം മകളല്ല, മനുഷ്യരെന്ന് നാം കരുതുന്ന ഓരോരുത്തരും ആ പിഞ്ചു പെണ്‍കുട്ടിയെ സ്വന്തം മകളായാണ് കാണുന്നതെന്നും ജനീഷ് കുമാര്‍ വ്യക്തമാക്കി. ആ കുഞ്ഞിന്റെ പേരില്‍ പള്ളിമുറ്റത്ത് നിന്ന് പിരിവ് നടത്തി ആ പണം മുക്കിയിട്ടുണ്ടെങ്കില്‍ അതിന് മുസ്ലിം ലീഗ് കണക്ക് പറയണമെന്നും ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജനീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കത്വയില്‍ സംഘ്പരിവാര്‍ ഭീകരതയുടെ ഇരയായി കൊല്ലപ്പെട്ട ആസിഫയുടെ കൊല്ലപ്പെട്ട ദിനങ്ങളുടെ ഘനീഭവിച്ച വേദന മായും മുന്നേയാണ് എന്റെ ജീവിതപങ്കാളി ഞങ്ങളുടെ മകള്‍ക്ക് ജന്മം നല്‍കിയത്. സംഘ്പരിവാറിനെതിരെ സന്ധിയില്ലാതെ പോരാടുന്ന സി പി ഐ എമിന്റെ ഒരു എളിയ പ്രവര്‍ത്തകന്റെ രാഷ്ട്രീയ നിലപാടെന്നനിലയിലും ഒരു പെണ്‍കുഞ്ഞിന്റെ അഭിമാനം നിറഞ്ഞ അച്ഛനെന്ന നിലയിലും എന്റെ മകള്‍ക്ക് ഞങ്ങള്‍ ആസിഫയെന്നാണ് പേരിട്ടത്. ആസിഫയെന്നത് കാശ്മീര്‍ താഴ്വരയിലെ ആടുമേക്കുന്ന യൂസുഫിന്റെ മാത്രം മകളല്ല ഇന്ന്. മനുഷ്യരെന്ന് നാം കരുതുന്ന ഓരോരുത്തരും ആ പിഞ്ച് പെണ്‍കുട്ടിയെ സ്വന്തം മകളായാണ് കാണുന്നത്.
ആ കുഞ്ഞിന്റെ പേരില്‍ പള്ളിമുറ്റത്ത് നിന്ന് പിരിവ് നടത്തി ആ പണം മുക്കിയിട്ടുണ്ടെങ്കില്‍ അതിന് കണക്ക് മുസ്ലിം ലീഗ് പറയണം. ഒരു മണിക്കൂര്‍ കൊണ്ട് ഏത് ബാങ്കില്‍ നിന്നും പണമിടപാടുകളുടെ രേഖകള്‍ കിട്ടുമെന്നിരിക്കെ അഴിമതി തെളിയിച്ചാല്‍ ഇനാം തരാമെന്ന മറുപടികളോ നുണകളോ അല്ല പൊതുസമൂഹം ആവശ്യപ്പെടുന്നത്.
നാളെ എന്റെ മകള്‍ ആരാണ് എന്റെ പേരിലെ ആസിഫ എന്ന് അന്വേഷിക്കുമ്പോള്‍, അവള്‍ക്ക് കിട്ടേണ്ട രാഷ്ട്രീയ ഉത്തരം സംഘ്പരിവാറിന്റെ വെറുപ്പിനെ മരണം കൊണ്ട് അതിജീവിച്ചവള്‍ എന്നായിരിക്കണമെന്ന് ആഗ്രഹമുണ്ട്. അല്ലാതെ മുസ്ലിം ലീഗിന് പണം പിരിച്ച് കീശയും വയറും വീര്‍പ്പിക്കാന്‍ അവരുടെ ബക്കറ്റിലൊട്ടിച്ച വെറുമൊരു പേരായി ആസിഫയെന്നത് മാറുന്നത് ഹൃദയഭേദകം തന്നെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here