അർണാബ് ഗോസ്വാമിയുടെ ഫോൺ വിളി; ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ

അലിബാഗ് ജയിലിൽ തടവുകാരനായിരിക്കെ 2020 നവംബർ 5 ന് രാത്രി റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമി ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ അലിബാഗ് ജില്ലാ ജയിൽ സൂപ്രണ്ട് അംബാദാസ് പാട്ടീലിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന ജയിൽ വകുപ്പാണ് നടപടിയെടുത്തത്.

ഇക്കഴിഞ്ഞ നവംബർ അഞ്ചിന് അലിബാഗിലെ സ്കൂളിൽ സമ്പർക്ക വിലക്കിലായിരിക്കുമ്പോഴാണ് പുറത്തു നിന്നുള്ള ആളുമായി അർണബ് സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. അന്വേഷണത്തിൽ അംബാദാസിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കോൾ ഡാറ്റ റെക്കോർഡുകളും വിളിച്ചയാളുടെ വ്യക്തിഗത വിശദാംശങ്ങളും പരിശോധിച്ചതിൽ തെളിവുകളും ലഭിച്ചിരുന്നു.

ആർതർ റോഡ് സെൻട്രൽ ജയിൽ സൂപ്രണ്ടിനായിരുന്നു ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. പാട്ടീൽ ഫോൺ നൽകുന്നത് കണ്ടതായും രണ്ടു മിനിറ്റാണ് സംസാരിച്ചതെന്നും ജയിൽ ഗാർഡ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജയിൽവകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ സുനിൽ രാമാനന്ത് പറഞ്ഞു. പാട്ടീലിന്റെ കോൾ ഡാറ്റ റെക്കോർഡുകളും വിളിച്ചയാളുടെ വ്യക്തിഗത വിശദാംശങ്ങളും പരിശോധിച്ചതിൽ തെളിവുകൾ ലഭിച്ചതായും ജയിലിൽ തടവുകാർ അടിയന്തര സാഹചര്യത്തിലല്ലാതെ കുടുംബാംഗങ്ങളോടു പോലും സംസാരിക്കാൻ പാടില്ലെന്നാണ് നിയമമെന്നും രാമാനന്ത് കൂട്ടിച്ചേർത്തു.

ഇതിനിടെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ ആത്മഹത്യക്കേസിൽ പ്രതിയായ അർണബ് ഗോസ്വാമി രണ്ടാം വാദം കേൾക്കാൻ കോടതിയിൽ ഹാജരായില്ല. കൂട്ടുപ്രതികളായ ഫിറോസ് ഷെയ്ക്ക്, നിതേഷ് സർദ എന്നിവരും ഇത്തവണവും കോടതിയിൽ എത്തിയില്ല.

അർണബ് ഇളവ് ആവശ്യപ്പെട്ട് കോടതിയിൽ വീണ്ടും അപേക്ഷ സമർപ്പിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ് ഘരത് പറഞ്ഞു. തനിക്ക് ശ്വാസനാളരോഗം ഉണ്ടെന്നാണ് അർണാബ് അഭിഭാഷകൻ മുഖേനെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിയെ അറിയിച്ചിരിക്കുന്നത്.

പ്രതികൾ ഹാജരാകുന്നില്ലെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News