ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; 25 ഓളം പേരെ രക്ഷപെടുത്തി; 16 പേരുടെ മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ 16 പേരുടെ മൃതദേഹം കണ്ടെടുത്തു. അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടന്ന 25 ഓളം പേരെ രക്ഷപെടുത്തി. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട 125 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
മിന്നല്‍പ്രളയത്തില്‍ 5 ഓളം വ‍ലിയ പാലങ്ങള്‍ ഒലിച്ചുപോയി. 6 ഓളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ടണലുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചായിരുന്നു ഐടിബിപിയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്ത ഭൂമിയായ തപോവന്‍ ഡാമിന് സമീപം രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇപ്പോഴും.

മണ്ണ് മാന്തി യന്ത്രം എത്തിച്ച് ടണലുകള്‍ തുറന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഈ ടണലുകളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കില്‍ മാത്രമേ എത്ര പേര്‍ ദുരന്തത്തിന് ഇരയായെന്ന് വ്യക്തമാകൂ. എന്‍ടിപിസിയുടെ 900 മീറ്റര്‍ വരുന്ന തപോവന്‍ ടണലില്‍ രാത്രിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും പിന്നിട് പുനരാരംഭിച്ചു.

ഡല്‍ഹിയില്‍ നിന്നും വായുസേനാ സംഘം പ്രത്യേക വിമാനത്തില്‍ ഡെറാഡൂണില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45 നായിരുന്നു ദുരന്തം. ഋഷിഗംഗ നദിയില്‍ നിര്‍മാണത്തിലിരുന്ന തപോവന്‍ താപവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ടാണ് തകര്‍ന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News