അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ വിജയ് ബാബു. ഷാനവാസിനെ അനുസ്‍മരിക്കാനായി കൊച്ചിയില്‍ കൂടിയ യോഗത്തില്‍ വച്ചാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്. ഷാനവാസിന്‍റെ ഭാര്യ അസു ഷാനവാസും മകനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
“ഷാനവാസുമായി അടുപ്പമുണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ ‘സല്‍മ’ അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു”, വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്‍റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റില്‍ കൂടാത്ത ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യുട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കും. മികച്ച ഹ്രസ്വചിത്രത്തിന്‍റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസിനു മുന്നില്‍ ഒരു ഫീച്ചര്‍ ഫിലിമിന്‍റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനായ നരണിപ്പുഴ ഷാനവാസ് ഡിസംബര്‍ 23നാണ് അന്തരിച്ചത്. പുതിയ സിനിമയുടെ രചനാവേളയില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. മലയാളത്തിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും.
Get real time update about this post categories directly on your device, subscribe now.