കത്വ ഫണ്ട് തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് പ്രളയ ഫണ്ടിലും തട്ടിപ്പ്

കത്വ ഫണ്ട് തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് പ്രളയ ഫണ്ടിലും തട്ടിപ്പ്. പ്രളയദുരിതാശ്വാസത്തിന്‍റെ പേരില്‍ മുസ്ലിം ലീഗ് പിരിച്ച പണത്തിനും കണക്കില്ല.

ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് കര്‍മപദ്ധതിയുണ്ടാക്കുമെന്ന് പറഞ്ഞ് കോടികളാണ് പിരിച്ചത്. സംസ്ഥാനകമ്മിറ്റി നേരിട്ട് സമാഹരിച്ച ഈ തുക എന്തുചെയ്‌തെന്ന് ആര്‍ക്കുമറിയില്ല.

തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി മാത്രം 1 കോടി 23 ലക്ഷം നൽകി. 55 ലക്ഷം രൂപയുടെ ചെക്ക് ദേശീയപ്രസിഡന്റ് കെ എം ഖാദര്‍ മൊയ്തീന്‍ ഹൈദരലി തങ്ങള്‍ക്ക് കൈമാറുന്നതാണ് ചിത്രം ചന്ദ്രിക നൽകിയിരുന്നു. കെഎംസിസി ഉൾപ്പെടെ പോഷക സംഘടനകൾ വഴിയായിരുന്നു പിരിവ്.

കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ഫണ്ട് മുക്കിയതിന്റെ നിര്‍ണായക തെളിവുകള്‍ ക‍ഴിഞ്ഞ ദിവസം കൈരളി ന്യൂസിന് ലഭിച്ചിരുന്നു. ഇതോടെ കത്വ പെണ്കുട്ടിയുടെ പിതാവിന് 5 ലക്ഷം നല്കിയെന്ന യൂത്ത് ലീഗിന്റെ വാദം പൊളിഞ്ഞു.

2018 ഏപ്രിലിനും 2020 ഫെബ്രുവരിക്കുമിടയില് 5 ലക്ഷം രൂപ അക്കൗണ്ടില് നിക്ഷേപിക്കപ്പെട്ടില്ല. യൂത്ത് ലീഗ് ഫണ്ട് കൈമാറിയെന്ന് 2018 മെയ് പതിനാറിന് ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു. പിതാവിന്റെ ജമ്മു കാശ്മീര് ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും കൈരളി ന്യൂസിന് ലഭിച്ചു. ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ യൂത്ത് ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് രേഖാമൂലമുള്ള തെളിവുകള്‍.

ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ നോവാബാദ് ബ്രാഞ്ചില്‍ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിന് കത്വ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍, പിതാവ് എന്നിവര്‍ക്കായി സംയുക്ത അക്കൗണ്ട് ആരംഭിച്ചിരുന്നു. ഈ അക്കൗണ്ടിലേക്കാണ് വ്യക്തികളും സംഘടനകളും സംഭാവന നല്‍കിയത്.

ഇതിലേക്ക് യൂത്ത് ലീഗ് കൈമാറിയെന്ന് പറയപ്പെടുന്ന 5 ലക്ഷം രൂപ എത്തിയിട്ടില്ലെന്ന് കൈരളി ന്യൂസിന് ലഭിച്ച ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നു. 2018 ഏപ്രില്‍ 20നായിരുന്നു യൂത്ത് ലീഗ് കത്വ ഉന്നാവ് ഫണ്ട് പിരിവ് നടത്തുന്നത്. ഫണ്ട് ശേഖരണാര്‍ത്ഥം യൂത്ത് ലീഗ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബാങ്ക് റോഡിലെ ബ്രാഞ്ചില്‍ അക്കൗണ്ടും തുടങ്ങി.

2018 മെയ് പതിനേഴിന് ലീഗ് മുഖപത്രം ചന്ദ്രിക ഇരു കുടുംബങ്ങള്‍ക്കും ചേര്‍ത്ത് 25 ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വാര്‍ത്ത നല്‍കി. എന്നാല്‍ കത്വ കുട്ടിയുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2018 ഏപ്രില്‍ 20 മുതല്‍ 2020 ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും എത്തിയില്ല.

അതേസമയം തന്നെ ഈ കലായളവില്‍ മറ്റ് ചില സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ ജെ ആന്‍ഡ് കെ ബാങ്കില്‍ തുക നിക്ഷേപിച്ചിട്ടുമുണ്ട്. 25 ലക്ഷത്തിന്റെ കണക്ക് അവതരിപ്പിച്ച യൂത്ത് ലീഗിന്റെ 5 ലക്ഷത്തിന്റെ കണക്ക് തട്ടിപ്പാണെന്ന് വ്യക്തമായതോടെ ബാക്കി തുകയുടെ കാര്യത്തിലും സമാന സ്ഥിതി തന്നെയെന്ന സംശയം ബലപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here