‘കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നു’ കർഷകരെ അധിക്ഷേപിച്ച മോദിക്കെതിരെ കെ കെ രാഗേഷ് എംപി

കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ കെ രാഗേഷ് എംപി.

കർഷകരെ സമരജീവികള്‍ എന്ന് അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടാണ് കെ കെ രാഗേഷ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രം സമരം ചെയ്യേണ്ടിവന്ന കർഷകരുടെ സമരത്തിന് നേരെയാണ് പ്രധാനമന്ത്രിയുടെ ഈ പരിഹാസമെന്നും കെകെ രാഗേഷ് കുറിച്ചു.

കെകെ രാഗേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

രാജ്യത്ത് പുതിയ ഇനം സമരജീവികൾ ഇറങ്ങിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തൽ. എവിടെയെങ്കിലും സമരം ചെയ്യുന്നുണ്ടെങ്കിൽ അവർ ചാടിവീഴും. സമരമില്ലാതെ അവർക്ക് ജീവിക്കാനാവില്ല. രണ്ടരമാസത്തോളം കൊടുംതണുപ്പിൽ, തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രം സമരം ചെയ്യേണ്ടിവന്ന കർഷകരുടെ സമരത്തിന് നേരെയാണ് ഈ പരിഹാസം.

കുറച്ചുകാലം പിറകോട്ട് സഞ്ചരിച്ചാൽ ഈ ഇനം സമരജീവികളെ കുറച്ചുകൂടുതൽ കാണാൻ കഴിയും. തേഭാഗയിലും തെലങ്കാനയിലും പുന്നപ്രവയലാറിലും അനീതി കൊടികുത്തിവാണിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലൊക്കെ ഈ ജീവികളുടെ ‘ശല്യ’മുണ്ടായിരുന്നു.

സ്വാതന്ത്ര്യത്തിന് മുൻപും അതിനുശേഷവും നട്ടെല്ലുയർത്തി മനുഷ്യനായി ജീവിക്കാനുള്ള അവകാശപ്പോരാട്ടങ്ങളിലും അവർ ആത്മാഹുതിചെയ്തു. അവരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നു.

‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് അമേരിക്കയിൽ ചെന്ന് നാണമില്ലാതെ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ് മോഡി. എന്നാലിന്ന് മോഡിയുടെ ജനാധിപത്യവിരുദ്ധത ലോകം വിളിച്ചുപറയുമ്പോൾ അവർക്കെതിരെ ലജ്ജയില്ലാതെ കേസെടുക്കുകയാണ് ഭരണകൂടം.

കർഷകസമരത്തെ പിന്തുണയ്ക്കാനുള്ള ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ടുൺബേയുടെ ‘ടൂൾകിറ്റ്’ ഭരണകൂടത്തിന്റെ ഭാഷയിൽ മതവികാരമിളക്കിവിടുന്നതാണ്! ജോർജ്ജ് ഫ്ളോയിഡിനെതിരെയുള്ള അതിക്രമത്തിന്റെ പേരിൽ അമേരിക്കൻപോലീസ് ലോകത്തിന് മുന്നിൽ മുട്ടുകുത്തിനിന്നിട്ടുണ്ട് പിന്നീട്.

സമരംചെയ്യുന്ന കർഷകരെ വേട്ടയാടിയും അവർക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചും അവരുടെ വഴികളിൽ കൂർത്ത ആണികളുറപ്പിച്ചും ശത്രുസൈന്യത്തെപ്പോലെ അവരെ നേരിടുന്ന ഭരണാധികാരികൾ ട്രംപിന്റെ പോലീസിന്റെ ജനാധിപത്യംപോലുമില്ലാത്ത നവനാസികൾ തന്നെ.

സമരങ്ങളാണ് ലോകത്തെ മാറ്റിമറിച്ചത്. സമരങ്ങളാണ് അടിമനുകം തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അഭിമാനത്തിലേക്ക് നമ്മെ ഉയർത്തിയത്. സാമ്രാജ്യത്വത്തിന്റെ, കോർപ്പറേറ്റുകളുടെ ചെരിപ്പുനക്കികൾക്ക് അതിന്റെ വിലയറിയണമെന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here