പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസംഗം യാഥാർഥ്യബോധമില്ലാത്തത്: എളമരം കരീം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസംഗം യാഥാർഥ്യബോധമില്ലാത്തതാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ്രാ എളമരം കരീം എംപി.

രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചോ രണ്ടുമാസത്തിലധികമായി തുടരുന്ന കർഷകരുടെ സമരങ്ങളെക്കുറിച്ചോ കൃത്യമായ പരാമർശം പോലുമില്ലാതെ വെറും രാഷ്ട്രീയ പ്രസംഗമായി പ്രധാനമന്ത്രിയുടെ പ്രസംഗം മാറി.

ബില്ലുകൾ പിൻവലിക്കുന്നതിനെക്കുറിച്ചോ കർഷകരുടെ ആവശ്യങ്ങൾക്കുമേൽ സർക്കാരിന്റെ നിലപാടിനെക്കുറിച്ചോ അദ്ദേഹം ഒന്നും പ്രതിപാദിച്ചില്ല. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിലനിൽക്കും എന്നത് പൊള്ളയായ പ്രഖ്യാപനമാണ്.

പാർലമെന്റ് പാസാക്കിയ നിയമത്തിൽ വ്യവസ്ഥചെയ്യാത്ത ഒരു കാര്യം നടപ്പിലാക്കുമെന്നും അത് പഴയതുപോലെതന്നെ തുടരുമെന്നും പറയുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വാസയോഗ്യമല്ല.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും പിന്നീടവതരിപ്പിക്കപ്പെട്ട ബജറ്റിലും പ്രധാന പ്രതിപാദ്യ വിഷയമായിരുന്ന ബിജെപിയുടെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളെ വാനോളം പുകഴ്ത്തിയതിനു പുറമെ അതുമായി ശക്തമായി മുന്നോട്ടുപോകാനുള്ള പ്രഖ്യാപനമായിമാറി പ്രധാനമന്ത്രിയുടെ പ്രസംഗം.

ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളിലുൾപ്പെടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ കാര്ഷികനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കോടിക്കണക്കിനു കർഷകരെ നിരാശരാക്കുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്.

സർക്കാർ നയങ്ങൾക്കെതിരെ രാജ്യത്താകമാനം ഉയർന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെ അവഹേളിക്കാൻ അതിനു മുന്നിൽ നിൽക്കുന്നവരെ സമരജീവികൾ എന്ന് വിളിച്ചു പരിഹസിച്ച നരേന്ദ്രമോദിയുടെ നിലപാട് പ്രതിഷേധാർഹമാണ്.

രാജ്യം ഇന്ന് ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന കർഷകസമരം അവസാനിപ്പിക്കാൻ ആവശ്യമായ ഒരു ഉറപ്പും നൽകാൻ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐഎം, സിപിഐ, എൽജെഡി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്‌, ആം ആദ്മി എന്നീ പാർട്ടികൾ സഭ ബഹിഷ്കരിച്ചു.

നാളെ കർഷക സമരം സഭാനടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണം എന്നാവശ്യപ്പെട്ട് എംപിമാർ രാജ്യസഭയിൽ അടിയന്തിരപ്രമേയ നോട്ട്സ് നല്കാനും തീരുമാനിച്ചതായി എളമരം കരീം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News