
കര്‍ഷകരുടെ സമരത്തിനെതിരെ പ്രത്യക്ഷപ്പെട്ട സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി മഹാരാഷ്ട്രാ സര്‍ക്കാര്‍.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രഹസ്യാന്വേഷണ വകുപ്പിന് നിര്‍ദേശം നല്‍കി. സെലിബ്രിറ്റികളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നോ ട്വീറ്റെന്നാണ് അന്വേഷിക്കുന്നത്. സച്ചിനെ കൂടാതെ ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകള്‍ സംബന്ധിച്ചും അന്വേഷണമുണ്ടാകും. ഇതിന് പിന്നില്‍ ബിജെപിയാണെന്നും സെലീബ്രിറ്റികളുടെ ‘ട്വീറ്റുകളില്‍’ അമിക്കബിള്‍ ‘പോലുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവും, ജനറല്‍ സെക്രട്ടറിയുമായ സച്ചിന്‍ സാവന്ത് പറഞ്ഞു.
ഒരു വ്യക്തിക്കോ താരത്തിനോ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കാം, എന്നാല്‍ അതിന് പിന്നില്‍ ബി.ജെ.പിയാണോ എന്ന സംശയസാധ്യത നിലനില്‍ക്കുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.
‘സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൈന നെഹ്വാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകളെല്ലാം ഒരേ പാറ്റേണുകളിലുള്ളതായിരുന്നു. അക്ഷയ് കുമാറിന്റെയും സൈന നെഹ്വാളിന്റെയും ഓരേ ട്വീറ്റുകളായിരുന്നു, മാത്രമല്ല സുനില്‍ ഷെട്ടി ഒരു ബി.ജെ.പി നേതാവിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. സെലിബ്രിറ്റികളും ബി.ജെ.പി നേതാക്കളും തമ്മില്‍ ആശയവിനിമയം നടന്നിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കണം’, സച്ചിന്‍ സാവന്ത് പറഞ്ഞു. ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സെലിബ്രിറ്റികളെ ബിജെപി ഭീഷണിപ്പെടുത്തിയാല്‍ അവര്‍ക്ക് സുരക്ഷ നല്‍കണം. സ്വന്തം ഇച്ഛാസ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് രാജ്യത്തിനുവേണ്ടി സംസാരിക്കാന്‍ കഴിയും. ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടോയെന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൈ വളച്ചൊടിച്ചിട്ടുണ്ടോ? എന്ന് അറിയണമെന്നും ട്വീറ്റുകളില്‍ ബിജെപിയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ഗൗരവമേറിയ കാര്യമാണ്. വിഷയം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പോപ്പ് ഗായിക റിഹാന, ഗ്രെറ്റ തന്‍ബെര്‍ഗ് തുടങ്ങിയവര്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചതിനെത്തുടര്‍ന്ന് സച്ചിന്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയവര്‍ കര്‍ഷകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
കര്‍ഷക സമരത്തിനെതിരെ വന്ന സെലിബ്രിറ്റികളുടെ എല്ലാട്വീറ്റുകളിലും പൊതു വാക്കായ ‘അമിക്കബിള്‍’ എന്നത് പ്രത്യക്ഷപ്പെട്ടതും സംശയമുണര്‍ത്തുന്നു. എല്ലാവരുടെയും ട്വീറ്റുകളില്‍ സൗഹാര്‍ദ്ദപരമായ, ഇണക്കമുളള എന്നിങ്ങനെ അര്‍ത്ഥം വരുന്ന ‘അമിക്കബിള്‍’ എന്ന വാക്ക് കാണാനാകും.
ആരോ മനപൂര്‍വ്വം പറയിപ്പിച്ച് ചെയ്യിച്ചതുപോലെ തോന്നിക്കുന്ന ട്വീറ്റുകളാണിവയെല്ലാം.
വിരാട് കൊഹ്ലി, സുരേഷ് റെയ്ന, സൈന നെഹ്വാള്‍, അക്ഷയ് കുമാര്‍, അനില്‍ കുംബ്ലെ, ലതാ മങ്കേഷ്‌കര്‍ തുടങ്ങി ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും കര്‍ഷകസമരത്തെ എതിര്‍ത്തുകൊണ്ടുള്ള ട്വീറ്റുകളില്‍ ‘അമിക്കബിള്‍’ എന്ന വാക്ക് കാണാനാകും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here