നവകേരളം യുവകേരളം; ഭിന്നശേഷി സൗഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി

നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാള ഭാഷയ്ക്കും കായിക മേഖലയ്ക്കും പ്രാധാന്യം നല്‍കണമെന്നും പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിന് പരമാവധി അവസരങ്ങള്‍ ഒരുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് പൊതുവില്‍ ഭിന്നശേഷി സൗഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും  സര്‍ക്കാര്‍ കാര്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന നൂതന ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവശ്യങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ഉറപ്പു നല്‍കി.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച മാറ്റങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ വികസിപ്പിക്കാനാകും. വിദ്യാഭ്യാസത്തോടൊപ്പംതന്നെ തൊഴില്‍ പരിശീലനവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ലോകത്ത് ആകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയും മാറേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാള ഭാഷയ്ക്കും കായിക മേഖലയ്ക്കും പ്രാധാന്യം നല്‍കണമെന്നും പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിന് പരമാവധി അവസരങ്ങള്‍ ഒരുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ നിര്‍ദേശിച്ചു. കാമ്പസുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷി സൗഹൃദാന്തരീക്ഷം ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ ധാരണ നല്‍കാന്‍ ഉപകരിക്കുന്ന രീതിയില്‍ താഴെ തലങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശങ്ങളുണ്ടായി.

സംസ്ഥാനത്ത് പൊതുവില്‍ ഭിന്നശേഷി സൗഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സര്‍ക്കാര്‍ കാര്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കായിക മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനായി വലിയ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. അക്കാദമിക് തലത്തില്‍ മലയാള ഭാഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന കാര്യം വിദഗ്ധര്‍ പരിശോധിക്കും.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിയും ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് പഠന സമയം പുനഃക്രമീകരിക്കാനും ഉദ്ദേശിച്ചിരുന്നു. കോവിഡ് സാഹചര്യത്തിലാണ് ഇത് നടപ്പാക്കാന്‍ കഴിയാതിരുന്നത്.

കോവിഡ് പ്രതിസന്ധി നീങ്ങിയാല്‍ അടുത്ത അധ്യയന വര്‍ഷം ഈ സംവിധാനം നടപ്പാക്കാനാകും. എല്ലാ സര്‍വ്വകലാശാലകളിലും കൃത്യ സമയത്ത് പരീക്ഷകള്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here