കര്‍ഷകര്‍ക്കെതിരെ വന്ന സെലിബ്രിറ്റികളോട് നസീറുദ്ദീന്‍ ഷാ ചോദിക്കുന്നു ; ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?

കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്? എന്നാണ് നസിറുദ്ദിന്‍ ഷാ ചോദിച്ചത്. കഠിനമായ തണുപ്പില്‍ ഞങ്ങളുടെ കര്‍ഷകര്‍ സമരം ചെയ്യുകയാണെന്നും അവര്‍ക്ക് നേരെ കണ്ണടക്കാന്‍ കഴിയുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

”നമ്മുടെ സിനിമാ മേഖലയിലെ ഉന്നത വ്യക്തിത്വങ്ങള്‍ ഇതിനെക്കുറിച്ച് നിശബ്ദരാണ്. കര്‍ഷകര്‍ക്കു വേണ്ടി സംസാരിച്ചാല്‍ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്? ‘ എന്നാണ് നസീറുദ്ദീന്‍ ഷാ വിമര്‍ശിച്ചത്.

‘അവസാനം, നിങ്ങളുടെ ശത്രുക്കളുടെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല, മറിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെ നിശബ്ദതയാണ് കേള്‍ക്കുക. കഠിനമായ തണുപ്പില്‍ ഞങ്ങളുടെ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അവര്‍ക്ക് നേരെ കണ്ണടക്കാന്‍ നമുക്ക് കഴിയില്ല.

കര്‍ഷക പ്രതിഷേധം ശക്തിപ്പെടുമെന്നും എല്ലാവരും അതില്‍ അണിചേരുമെന്നും സമരം വിജയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. മൗനം പാലിക്കുന്നത് ഒരു അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. ‘ നസീറുദ്ദീന്‍ ഷാ പറഞ്ഞു.

കര്‍ഷകരുടെ സമരത്തിനെതിരെ പ്രത്യക്ഷപ്പെട്ട സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ സംബന്ധിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രഹസ്യാന്വേഷണ വകുപ്പിന് നിര്‍ദേശം നല്‍കി. സെലിബ്രിറ്റികളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ രംഗത്തെത്തിയത്.

സച്ചിനെ കൂടാതെ ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകള്‍ സംബന്ധിച്ചും അന്വേഷണമുണ്ടാകും. ഇതിന് പിന്നില്‍ ബിജെപിയാണെന്നും സെലീബ്രിറ്റികളുടെ ‘ട്വീറ്റുകളില്‍’ അമിക്കബിള്‍ ‘പോലുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവും, ജനറല്‍ സെക്രട്ടറിയുമായ സച്ചിന്‍ സാവന്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു വേണ്ടി കര്‍ഷകര്‍ക്കെതിരെ പ്രതികരിക്കുന്ന സെലിബ്രിറ്റികളോടുള്ള പൊതുജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കാനെ ഉപകരിക്കുകയുള്ളുവെന്ന് രാജ് താക്കറെ വ്യക്തമാക്കിയിരുന്നു.

കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന എത്തിയതോടെ ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം,പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇതോടെ നിരവധിപേരാണ് സച്ചിന് എതിര്‍പ്പുമായി രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളില്‍ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here