നവവധു വരൻമാർക്ക് കെഎസ്ആർടിസി ബസിൽ ഹൃദ്യമായ വിവാഹ സത്കാരം ഒരുക്കി സഹയാത്രികർ

നവവധു വരൻമാർക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഹൃദ്യമായ വിവാഹ സത്കാരം ഒരുക്കി സഹയാത്രികർ. പള്ളിക്കൽ-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന കെ എസ് ആർ ടി സി യുടെ ബോണ്ട് സർവീസാണ് അപൂർവ നിമിഷങ്ങൾക്ക് വേദിയായത്.ഈ ബസിലെ സ്ഥിരം യാത്രികൻ ആയ ഹരീഷിൻ്റെ വിവാഹദിനത്തിലാണ് വ്യത്യസ്ഥമായ വിരുന്ന് അരങ്ങേറിയത്.

വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടന്നില്ലെങ്കിൽ എന്താണ് വിവാഹ സൽക്കാരം KSRTC ബസിൽ വെച്ച് നടത്താൻ ഹരീഷിനും ,ആരതിക്കും യോഗം ഉണ്ടായി. പ്രിയതമയുടെ കൈയ്യും പിടിച്ച് നവ വരനായ ഹരീഷ് തൻ്റെ പ്രിയപ്പെട്ട ആന വണ്ടിയിലേക്ക് കാലെടുത്ത് വെച്ചപ്പോൾ യാത്രികർ അവരെ വരവേറ്റത് നിറഞ്ഞ കൈയ്യടികളോടെ.

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വ്യത്യസ്ഥത നിറഞ്ഞ ഒരു വിവാഹവിരുന്നിന് ഒരു കെ എസ് ആർ ടി സി ബസും ,അതിലെ യാത്രികരും സാക്ഷിയായത്. കിളിമാനൂർ പള്ളിക്കലിൽ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി
ബോണ്ട് സർവ്വീസിലെ സ്ഥിരം യാത്രികനായിരുന്നു തകരപ്പറമ്പ് സ്വദേശിയായ ഹരീഷ് , തൻ്റെ സഹയാത്രികരെ വിവാഹ ചടങ്ങിന് ക്ഷണിക്കുമ്പോൾ ഹരീഷ് ഓർത്തില്ല അത് മറക്കാനാവാത്ത ഒരു സർപ്രൈസ് ആയി മാറുമെന്ന് .

വിവാഹ സൽകാരമെന്നോണം കേക്ക് മുറിക്കലും ,ഫോട്ടോ എടുപ്പും ,മൊമെൻറോ കൈമാറ്റവും എല്ലാം സഹയാത്രികർ ഒരുക്കിയിരുന്നു. വിവാഹത്തിന് നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഈ ബസിലെ യാത്രികർ നവവധുവരൻമാരെ ആശിർവദിക്കാൻ ഇതോടെ അവസരം ഒരുങ്ങി.

ജീവിതത്തിൻ്റെ പുതിയ റൂട്ടിലേക്ക് സ്റ്റിയറിംഗ് വീൽ തിരിക്കുന്ന നവവധു വരൻമാർക്ക് ഓർമ്മയിൽ എന്നും സൂക്ഷിക്കാവുന്ന അനുഭവം ആയി മാറി ഈ വേറിട്ട വിവാഹ സൽക്കാര ചടങ്ങ്. സർപ്രൈസ്സ സമ്മാനം നൽകിയ സഹയാത്രികരോട് ഹരീഷും ആരതിയും നന്ദി പറഞ്ഞു

ഈ ബസിൽ യാത്ര ചെയ്യുന്ന യാത്രികർ തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത് ഈ കഴിഞ്ഞ കോവിഡ് കാലത്താണ് . സീറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്ത് സർവ്വീസ് നടത്തുന്ന ഈ ഫാസ്റ്റ് പാസഞ്ചറിലെ യാത്രികരിൽ ഭൂരിഭാഗവും നഗരത്തിൽ ജോലിയുള്ള സർക്കാർ ഉദ്യോഗസ്ഥരാണ്. രാവിലെയും ,വൈകുന്നേരവും നിത്യവും കാണുന്ന ഇവരിൽ പതിയെ ആത്മബന്ധവും വർദ്ധിച്ചു.

ഇതോടെ യാത്രികരും,ബസ് ജീവനക്കാരും തമ്മിൽ ഒരു ആത്മബന്ധവും ഉടലെടുത്തു. പിറന്നാളും, വിവാഹ വാർഷികവും മുതൽ ജീവിതത്തിലെ എല്ലാ സന്തോഷവും ഇവർ ആഘോഷിക്കുന്നത് ഇതേ ബസിൽ വെച്ചാണെന്ന് യാത്രക്കാരും സാക്ഷ്യ
പ്പെടുത്തുന്നു.

കഴിഞ്ഞ എട്ട് മാസത്തിലേറെയായി ഒരു കുടുംബം പോലെയായി കഴിഞ്ഞു ഇവർ. ബസ് യാത്ര തുടരുമ്പോൾ തന്നെ വഴിയിൽ കാത്ത് നിൾക്കുന്ന സഹയാത്രികരെ വാഹനം പിന്നിട്ട സ്റ്റോപ്പ് കൾ മുൻകൂട്ടി അറിയിക്കാൻ വാട്ട്സ് അപ്പ് കൂട്ടായ്മയും ഇവർക്കുണ്ട്. കണ്ടക്ടറും ,ഡ്രൈവറുമെല്ലാം ഈ കൂട്ടായ്മ്മയുടെ ഭാഗമാണ് .

സ്നേഹസമ്പന്നരായ ഈ യാത്രികരുടെ ചിരിയും കളിയും എല്ലാം പഴയ സ്റ്റുഡൻസ് ഒൺലി ബസിനെ ഓർമ്മിപ്പിക്കുന്നു. ഏതെക്കയോ ബസ് സ്റ്റോപ്പിൽ നിന്നും ഊഷ്മള സ്നേഹത്തിൻ്റെ സുഗന്ധവുമായി ഈ വണ്ടിയിങ്ങനെ യാത്ര തുടരുകയാണ്. യാത്രികരുടെയും അവരുടെ ഇഴപിരിയാത്ത ആത്മ ബന്ധത്തിൻ്റെയും ഇന്ധനമാണ് ഈ വണ്ടിയെ മുന്നോട്ട് നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News