
സംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതിയായ പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യത്തിലേക്ക്.
കൊച്ചിയില്‍ ചൊവ്വാഴ്‌ച രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലെെന്‍ വഴി ശിലാസ്ഥാപനം നടത്തും. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും. 300 കോടി ചെലവിൽ 30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്‌കൃത പദാർഥങ്ങൾ ഉപയോഗിച്ച് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കുകയുമാണ് ലക്ഷ്യം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കറിലാണ് പാർക്ക് സ്ഥാപിക്കുന്നത്. 171 ഏക്കർ ബിപിസിഎല്ലിന്റെ വികസനത്തിനായി
കൊച്ചി റിഫൈനറിയ്ക്ക് അനുവദിച്ചിരുന്നു. 33 ശതമാനം ഭൂമി ഹരിത ബെൽറ്റ് സ്ഥാപിക്കാൻ നിലനിർത്തും. 229 ഏക്കർ വ്യവസായ സംരംഭങ്ങൾക്കായി ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങൾ കിൻഫ്ര ഒരുക്കും.
ബിപിസിഎല്ലിന്റെ അസംസ്‌കൃത പദാർഥങ്ങളായ പ്രൊപ്പലീൻ, ബെൻസീൻ, അക്രിലിക് ആസിഡ്, ടൊളുവിൻ തുടങ്ങിയവ ഉപയോഗിച്ചുള്ള നിർമാണങ്ങളിലാകും പാർക്ക് ശ്രദ്ധയൂന്നുക.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. പതിനായിരം പേർക്ക് പ്രത്യക്ഷമായും അത്രയുംതന്നെ ആളുകൾക്ക് പരോക്ഷമായും തൊഴിൽ നല്‍കാനാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here