‘മാഷിന്റെ യഥാർത്ഥ സ്മാരകങ്ങൾ അദ്ദേഹം കൈപിടിച്ചുയർത്തിയ അനേകായിരം ജീവിതങ്ങളാണ്’; ദത്ത് മാഷിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് കുറിപ്പ്

കോസ്റ്റ് ഫോര്‍ഡ് സ്ഥാപക ഡയറക്ടറായ ടി ആര്‍ ചന്ദ്രദത്ത് എന്ന ദത്ത് മാഷിന്റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് മന്ത്രി തോമസ് ഐസക് നിര്‍വഹിക്കുകയാണ്. ദത്ത് മാഷിനെക്കുറിച്ചുള്ള നിരവധി ഓര്‍മ്മക്കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘മാഷിന്റെ യഥാർത്ഥ സ്മാരകങ്ങൾ മാഷ് കൈപിടിച്ചുയർത്തിയ അനേകായിരം ജീവിതങ്ങളാണ്… മാഷ് ഉയർത്തിക്കൊണ്ട് വന്ന പ്രസ്ഥാനങ്ങളാണ്.. ! മാഷ് പകർന്നു തന്ന ചിന്തകളാണ് ..ആ ചിന്തകൾ കാലമെത്ര കഴിഞ്ഞാലും ലോകത്തിന്റെ പല കോണുകളിലിരുന്ന് ഇങ്ങനെ മിടിച്ചു കൊണ്ടേയിരിക്കും’- ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

ദത്ത് മാഷ് ഇപ്പോൾ ഇല്ലാന്ന് വിശ്വസിക്കാൻ എനിക്ക് ഇനിയും പറ്റിയിട്ടില്ല !!

1999ൽ ആദ്യമായി കോസ്റ്റ്ഫോർഡിന്റെ തൃശൂർ അയ്യന്തോളുള്ള ഓഫീസിലേക്ക് അച്ഛന്റെ കൂടെ കയറിച്ചെല്ലുമ്പോൾ ചെറിയോരു ചാറ്റൽ മഴ ഉണ്ടായിരുന്നു ..

ഓഫീസിന്റെ മുന്നിലുള്ള പന്തലിൽ നിറയെ കസേരകൾ നിരത്തിയിട്ടിട്ടുണ്ട്. അതിലൊന്നിൽ താടിക്ക് കൈയും കൊടുത്തിരിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യൻ.. വരുന്നവരും പോവുന്നവരും ഒക്കെ ഇഷ്ടം കലർന്ന ബഹുമാനത്തോടെ മാഷേന്ന് വിളിക്കുന്നത് കേട്ടപ്പോഴാണ്, ഇദ്ദേഹമാണ് കോസ്റ്റ്‌ഫോർഡിന്റെ ജീവാത്മാവും പരമാത്മാവുമായ ടി ആർ ചന്ദ്രദത്ത് എന്ന് ഞാനും തിരിച്ചറിയുന്നത്.

എന്തുകൊണ്ടോ മാഷെ കണ്ടപ്പോൾ ഇത് തന്നെയാണ് ഞാൻ എത്തിച്ചേരേണ്ട സ്ഥലം എന്നൊരു തോന്നലാണ് അന്നുണ്ടായത്. അപ്പോഴേക്കും ചന്നം പിന്നം പെയ്യാൻ തുടങ്ങിയ ആ മഴയൊച്ചകൾക്കിടയിലൂടെ ‘എന്നാൽ ഇയാൾ ഇവിടെ കൂടിക്കോട്ടെ’ എന്ന് അച്ഛനോട് പറയുന്നതാണ് ദത്ത് മാഷെപറ്റിയുള്ള ആദ്യത്തെ എന്റെ ഓർമ്മ..!

സമാനതകളില്ലാത്ത ഇച്ഛാശക്തിയുടെയും മനുഷ്യത്വത്തിന്റെയും ആൾരൂപമായിരുന്നു മാഷ്. ക്യാൻസറുമായുള്ള മത്സരത്തിൽ പകുതി മുറിഞ്ഞു പോയ ആ നാവുകൊണ്ട് മാഷ് പറയുന്നതിനേക്കാൾ തെളിച്ചമുള്ള ജീവിത ദർശനമൊന്നും വേറെ ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല..! സ്വന്തം ജീവിതം പോലും മറന്ന് സമൂഹത്തിന് വേണ്ടി ഇത്രയും കർമ്മ നിരതനാവാൻ എന്തായിരിക്കും ഈ മനുഷ്യനെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നത് എന്ന് ഞങ്ങളൊക്കെ പരസ്പരം അദ്‌ഭുതം കൊണ്ടു.

കോസ്റ്റ്ഫോർഡ് ഞങ്ങൾ വിട്ടു പോന്നിട്ടു ഇപ്പോൾ എത്രയോ വര്ഷങ്ങളായി..! തിരിഞ്ഞുനോക്കുമ്പോൾ എന്റെ ചിന്തയെ, കാഴ്ചപ്പാടുകളെ, കുറച്ചെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്ന സാമൂഹ്യ പ്രതിബദ്ധതയെ ഒക്കെ രൂപപ്പെടുത്തിയെടുക്കുന്നതിൽ മാഷിന്റെ കാഴ്ചപ്പാടുകളും ചിന്തകളും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുകയാണ്.

രണ്ടായിരത്തിപ്പതിനെട്ടിലെ മാർച്ച് മാസത്തിൽ വീണ്ടുമൊരു ക്യാൻസർ ശാസ്ത്രക്രിയക്ക് ശേഷം ഉണ്ടായ ഹൃദയാഘാതത്തിൽ മാഷ് പോയി. അന്ന് ലോകത്തിന്റെ പലയിടങ്ങളിൽ ആയി ചിതറിക്കിടക്കുന്ന ഒരുപാട് കോസ്റ്റ്ഫോർഡിയന്മാരെപ്പോലെ ഞാനും ജോലിക്ക് പോവാൻ കഴിയാതെ വീട്ടിലിരുന്നു. നെഞ്ച് ഇങ്ങനെ കനം വച്ചു വരുന്നത് അറിയുന്നുണ്ടായിരുന്നു.
കേട്ടത് സത്യമാണോ എന്നറിയാൻ എച്ച്മുക്കുട്ടിക്ക് ഒരു മെസേജ് അയച്ചു..’സങ്കടം കൊണ്ട് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു’ എന്നായിരുന്നു മറുപടി. അത് വായിക്കാൻ പോലും പറ്റാത്ത വിധത്തിൽ എന്റെയും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

ദത്തു മാഷിന് തിരുവനന്തപുരത്തു ഒരു സ്മാരകം ഉയരുകയാണ് .. ‘ടി ആർ ചന്ദ്രദത്ത് സെന്റർ ഫോർ ആൾട്ടർനേറ്റിവ് ടെക്‌നോളജി’.. അതിന്റെ ശിലാസ്ഥാപനം നാളെയാണ്.. ബഹു. തോമസ് ഐസക്ക് നിർവ്വഹിക്കുന്നു.

മാഷിന്റെ യഥാർത്ഥ സ്മാരകങ്ങൾ മാഷ് കൈപിടിച്ചുയർത്തിയ അനേകായിരം ജീവിതങ്ങളാണ്… മാഷ് ഉയർത്തിക്കൊണ്ട് വന്ന പ്രസ്ഥാനങ്ങളാണ്.. ! മാഷ് പകർന്നു തന്ന ചിന്തകളാണ് ..ആ ചിന്തകൾ കാലമെത്ര കഴിഞ്ഞാലും ലോകത്തിന്റെ പല കോണുകളിലിരുന്ന് ഇങ്ങനെ മിടിച്ചു കൊണ്ടേയിരിക്കും ..!!

ദത്ത് മാഷ് ഇപ്പോൾ ഇല്ലാന്ന് വിശ്വസിക്കാൻ എനിക്ക് ഇനിയും പറ്റിയിട്ടില്ല !!

1999ൽ ആദ്യമായി കോസ്റ്റ്ഫോർഡിന്റെ തൃശൂർ…

Posted by Syam Thaikkad on Monday, 8 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News