സച്ചിനും ലതാ മങ്കേഷ്കറും മഹാരാഷ്ട്രക്കാരല്ലേ? മുടന്തൻ ന്യായവുമായി ബിജെപി

കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര പ്രമുഖർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിൽ മറുപടി ക്യാമ്പയിന് നേതൃത്വം നൽകി ബിജെപി രംഗത്ത് വന്നത്. സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, ലതാ മങ്കേഷ്‌കർ അടക്കം പല പ്രമുഖ വ്യക്തികളും ട്വിറ്ററിലൂടെ പ്രതികരണം അറിയിച്ചു.

എന്നാൽ ട്വീറ്റുകളുടെ സമാനതയാണ് വിവാദമായത്. ബി ജെപിയുടെ സമ്മർദ്ദത്തെ തുടർന്നാണ് രാജ്യത്തെ പല സെലിബ്രിറ്റികളും ട്വീറ്റുകൾ പങ്കിടാൻ തുടങ്ങിയതെന്ന ആരോപണത്തിന് ശക്തമായി.

വിഷയം വിവാദമായതോടെ കർഷകസമരത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ചു കൊണ്ടുള്ള ട്വീറ്റ് ചെയ്യാൻ ചില സെലിബ്രിറ്റികൾക്ക് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പ്രഖ്യാപിച്ചു. ഇതാണിപ്പോൾ ബി ജെ പിയെ ചൊടിപ്പിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്നവർക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഫഡ്‌നവിസ് വിമർശിച്ചു.

രാജ്യം പരമോന്നത ബഹുമതി നൽകി ആദരിച്ച ലതാമങ്കേഷ്‌കർക്കും സച്ചിൻ തെണ്ടുൽക്കർക്കും എതിരേയാണ് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയുടെ പരാതിപ്പെട്ടു. കൂട്ടത്തിൽ പ്രാദേശിക വികാരവും ഫഡ്നവിസ് പങ്കു വെച്ചു.

ഇവരെല്ലാം മഹാരാഷ്ട്രക്കാരാണെന്നും അതുകൊണ്ട് അവരെക്കുറിച്ച് അഭിമാനിക്കുന്നവരെല്ലെയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കണമെന്നും ദേവേന്ദ്ര ഫഡ്‌നവിസ് ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യം ഉന്നയിച്ചവരുടെ മാനസികനിലയും പരിശോധിക്കേണ്ടതാണെന്ന് ഫഡ്‌നവിസ് കുറ്റപ്പെടുത്തി.

എന്നാൽ സച്ചിൻ അടക്കമുള്ള പ്രമുഖ വ്യക്തികൾ പങ്ക് വച്ച ട്വീറ്റുകളുടെ സമാനതയെ കുറിച്ചോ പാർട്ടിയുടെ സമ്മർദ്ദത്തെ കുറിച്ചോ വിശദീകരണം നൽകാതെയാണ് പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ച് മുടന്തൻ ന്യായവുമായായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം കർഷക ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര എന്നത് വിസ്മരിച്ചു കൊണ്ടാണ് മുൻ മുഖ്യമന്ത്രിയുടെ പ്രാദേശിക വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here