കാലടി സർവ്വകലാശാലയിലെ നിയമനം: പരാതി പിൻവലിച്ച് ഇന്‍റർവ്യു ബോർഡ്‌ അംഗം

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് ഇന്‍റര്‍വ്യൂബോര്‍ഡംഗം ഡോ ടി പവിത്രന്‍.ഇക്കാര്യം വ്യക്തമാക്കി പവിത്രന്‍ കാലടി വി സിയ്ക്ക് ഇമെയില്‍ അയച്ചു.

സര്‍വ്വകലാശാലയിലെ അധ്യാപകനിയമനത്തിൽ വിയോജിച്ച്‌ വൈസ്‌ ചാൻസലർക്ക്‌ നൽകിയ കത്ത്‌ പിന്‍വലിച്ചതായും ഡോ. ടി പവിത്രൻ ചൂണ്ടിക്കാട്ടി.ഇപ്പോൾ നടക്കുന്ന രാഷ്‌ട്രീയ വിവാദത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കി.

കാലടി സര്‍വ്വകലാശാലയില്‍ മലയാളം വിഭാഗത്തിലെ അധ്യാപക തസ്തികയിലേക്ക് നടന്ന ഇന്‍റര്‍വ്യൂവില്‍ നിനിത കണിച്ചേരി ഒന്നാമതെത്തുകയും നിയമനം ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനു പിറകെ ഇന്‍റര്‍വ്യൂബോഡിലെ അംഗമായിരുന്ന ഉമര്‍ തറമേല്‍ ഈ നിയമനം വിവാദമാക്കുകയും നിയമനം ശരിയായ രീതിയിലല്ല എന്നാരോപിച്ച് വി സി ക്ക് കത്തയക്കുകയും ചെയ്തിരുന്നു.ഇന്‍റര്‍വ്യൂബോഡിലെ മറ്റൊരംഗവും മലയാളം സര്‍വ്വകലാശാലയിലെ ഭാഷാ വിദഗ്ധനുമായ ഡോ ടി പവിത്രനും ഇതിനെ പിന്തുണച്ച് കത്തില്‍ ഒപ്പുവെച്ചിരുന്നു.

എന്നാല്‍ ഇത് തന്‍റെ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പവിത്രന്‍ വി സിക്ക് ഇ മെയില്‍ അയച്ചു. റാങ്ക് പട്ടിക നിശ്ചയിക്കാനുള്ള അധികാരം ഭാഷാവിദഗ്ധര്‍ക്കെന്ന് താന്‍ തെറ്റിദ്ധരിച്ചുവെന്നും നിനിതയുടെ നിയമനത്തില്‍ പരാതിയില്ലെന്നും പവിത്രന്‍ വി സിക്കയച്ച മെയിലില്‍ വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും പവിത്രന്‍ അറിയിച്ചതായി വി സി ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.

ഇന്‍റര്‍വ്യൂ ബോര്‍ഡംഗമായിരുന്ന ഡോ. ഉമർ തറമേലിന്‍റെ സ്ഥാപിത താൽപ്പര്യമാണ്‌ നിയമന വിവാദത്തിനു പിന്നിലെന്ന്‌ നേരത്തെ വ്യക്തമായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉമര്‍ തറമേലിന് കീ‍ഴില്‍ ഗസ്റ്റ് അധ്യാപികയായിരുന്നയാള്‍ക്ക് കാലടിയില്‍ സ്ഥിര നിയമനം ലഭിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം നിനിതയുടെ നിയമനം വിവാദം വിവാദമാക്കുകയായിരുന്നുവെന്നതിന് തെളിവുകളും പുറത്തുവന്നിരുന്നു.

നിയമന വിവാദം ഉയര്‍ത്തി വി സിക്ക് കത്തയച്ച ഉമര്‍ തറമേലിന്‍റെ നിലപാട് തള്ളിക്കൊണ്ട് ഇന്‍റര്‍വ്യൂബോഡിലെ അംഗം തന്നെ രംഗത്തെത്തിയതോടെ, വിഷയം രാഷ്ട്രീയ വിവാദമാക്കിയവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News