സാന്ത്വന സ്പർശം ആറ്റിങ്ങലിൽ തുടങ്ങി; പരിഗണിക്കുന്നത് 1,517 പരാതികൾ

പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കുന്നതിനായാണ് ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സാന്ത്വന സ്പർശം അദാലത്താണ് ആറ്റിങ്ങലിലേത്.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ ചേർന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു. അദാലത്ത് മുഖേന നൽകുന്ന പട്ടയങ്ങളുടേയും റേഷൻ കാർഡുകളുടേയും വിതരണോദ്ഘാടനവും മന്ത്രിമാർ ചടങ്ങിൽ നിർവഹിച്ചു.

രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. അക്ഷയ സെന്റർ മുഖേനയും ഓൺലൈനായി നേരിട്ടും 604 പരാതികളാണ് വർക്കല താലൂക്കിൽ ലഭിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലെ പരാതികൾ പരിശോധിക്കും. 913 പരാതികളാണ് ചിറയിൻകീഴ് താലൂക്കിലുള്ളത്. മുൻകൂട്ടി ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കിയിട്ടുണ്ട്. ഇവ അപേക്ഷകന് വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ വഴി നേരിട്ടു നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളടക്കം മന്ത്രിമാർ തീർപ്പാക്കേണ്ടവയിൽ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാരുടെ അടുത്തേയ്ക്ക് അയക്കും.

കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അദാലത്ത് നടക്കുന്നത്. സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരക്കുണ്ടാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പരാതികളുടെ സ്വഭാവമനുസരിച്ച് അതതു വകുപ്പുകളുടെ സ്റ്റാളിൽ ഡോക്കറ്റ് നമ്പർ നൽകി പരാതികളുടെ തീർപ്പ് സംബന്ധിച്ച മറുപടി കൈപ്പറ്റാവുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

എം.എൽ.എമാരായ വി. ജോയി, ബി. സത്യൻ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി, ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News