സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രഗദ്ഭരുമായി മുഖ്യമന്ത്രിയുടെ സംവാദം

നവകേരളത്തിനായി പുത്തന്‍ ആശയങ്ങള്‍ രൂപീകരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന ചില പ്രഗദ്ഭരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവാദം നടത്തും. ചാറ്റ് വിത്ത് സിഎം എന്ന പരിപാടി ചൊവ്വാഴ്ച്ച വൈകുന്നേരം 4ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കും.

പല പുതിയ നിര്‍ദ്ദേശങ്ങളും ആശയങ്ങളും പരിപാടിയുടെ ഭാഗമായി ഉയര്‍ന്നു വരുമെന്നും അവ പ്രായോഗികവല്‍ക്കരിക്കാനാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ കൂട്ടായ്മയുടെ പിന്തുണ കേരളത്തിന്റെ പുരോഗതിയ്ക്കായി തുടര്‍ന്നും നിലനിര്‍ത്താനുമുള്ള ആത്മാര്‍ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ നമ്മുടെ പൊതുമണ്ഡലം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

സാമ്പ്രദായിക മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് നിലനിന്നിരുന്ന തീര്‍ത്തും ഏകപക്ഷീയമായ ആശയവിനിമയ രീതിയെ അപ്രസക്തമാക്കിക്കൊണ്ട്, സാമൂഹ്യമാധ്യമങ്ങള്‍ പൊതുമണ്ഡലത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിച്ചിരിക്കുന്നു.

ആര്‍ക്കും അവരുടെ അഭിപ്രായങ്ങളും അറിവുകളും അനുഭവങ്ങളും ഈ സമൂഹവുമായി പങ്കുവയ്ക്കാനും സംവദിക്കാനും സാധിക്കുന്ന പാരസ്പര്യത അവ സാദ്ധ്യമാക്കി.

ഈ സാങ്കേതിക സാധ്യതകള്‍ അര്‍പ്പണമനോഭാവത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട്, വിവിധ മേഖലകളെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന നിരവധി ആളുകള്‍ ഇക്കാലയളവില്‍ ഉയര്‍ന്നു വരികയുണ്ടായി.

അവരുടെ ഇടപെടലുകള്‍ നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല്‍ ചലനാത്മകവും ഊര്‍ജ്ജസ്വലവും ആക്കിക്കൊണ്ടിരിക്കുന്നു.

നിരന്തരം പല വിഷയങ്ങളിലും അന്വേഷണങ്ങളില്‍ മുഴുകുന്നതിലൂടെയും, ഒരു വലിയ എണ്ണം ആളുകളുമായി സംവദിക്കുന്നതിലൂടെയും അവര്‍ നേടിയെടുത്ത ഉള്‍ക്കാഴ്ചകള്‍ നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് ദിശാബോധം നല്‍കാന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News