പാലക്കാട് വാളയാറില്‍ മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍

പാലക്കാട് വാളയാറില്‍ മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍.  പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്‌ക്വാഡും -പാലക്കാട് സര്‍ക്കിള്‍ ഓഫീസ് ടീമും സംയുക്തമായി വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റാമിന്‍ (എംഡിഎംഎ) യുമായി(17 ഗ്രാം) തൃശ്ശൂര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍, ചാലക്കുടി, വരന്തരപ്പിള്ളി മൊഴിയില്‍ സജീവ് മകന്‍ ഷൈജില്‍ എം എസ് (24), വെള്ളികുളങ്കര, കോടാലി -കല്ലുപറമ്പില്‍ അമീര്‍ ഫൈസല്‍ മകന്‍ റിയാസ് കെ എ(22), വെള്ളിക്കുളങ്ങര വലിയവീട്ടില്‍ ബഷീര്‍ മകന്‍ മുഹമ്മദ് നജീബ് (21), നെന്മണിക്കര -മടവാക്കര കായാമ്പുള്ളി മോഹനന്‍ മകന്‍ മിഥുന്‍ കെ എം (20) എന്നിവരെ ആണ് എക്സൈസിന്റെ പിടിയിലായത്.

പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ -പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കിള്‍ ഓഫീസ് ടീമും, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ എസ് പ്രശോബിന്റെ നേതൃത്വത്തില്‍ ഉള്ള എഇസി സ്‌ക്വാഡ് ടീമും സംയുക്തമായി വാളയാറില്‍ വാഹനപരിശോധന നടത്തുമ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നും വരുകയായിരുന്ന കെഎല്‍ 63 ജി 3754 മാരുതി സുസുക്കി ബലെനോ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നവയാണ്.

ബാംഗ്ലൂരില്‍ നിന്നും തൃശ്ശൂര്‍ലേക്കാണ് മയക്കുമരുന്നു കടത്തിയതെന്നും, പ്രതികള്‍ ഇതിനു മുന്‍പും ഇത്തരത്തില്‍, കഞ്ചാവും മറ്റു മയക്കുമരുന്നുകളും വന്‍ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തിട്ടുണ്ടെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ രമേഷ് പ്രതികളെ ചോദ്യം ചെയ്തു.

യുവാക്കള്‍കിടയില്‍ ന്യൂജന്‍ മയക്കുമരുന്നായാണ് എംഡിഎംഎ അറിയപ്പെടുന്നത് എന്നും, ഈ മയക്കുമരുന്നു വളരെ കുറച്ചു – മില്ലിഗ്രാം അളവില്‍ ഉപയോഗിച്ചാല്‍ പോലും വളരെ കൂടുതല്‍ സമയം ഉന്മാദ അവസ്ഥയില്‍ എത്തുമെന്നതിനാല്‍, ഫ്രീക്കന്മാര്‍ എന്ന് വിളിക്കപ്പെടുന്ന ന്യൂ ജന്‍ ലഹരി ഉപപോക്താക്കള്‍ക്കിടയില്‍ എംഡിഎംഎക്ക് വന്‍ സ്വീകാര്യതയാണുള്ളത്.

ഇത്തരത്തില്‍ രാസ – മയക്കുമരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനും, തുടര്‍ന്ന് പതിവായി ഉപയോഗിക്കുന്നവര്‍ മാനസിക രോഗികളായി മാറാനും സാധ്യയുണ്ടന്നും പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ എ രമേഷ് അവര്‍കള്‍ പറഞ്ഞു.

കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് മില്ലിഗ്രാം അളവിലുള്ള പൊതികളിലാക്കി ഡിജെ പാര്‍ട്ടികളിലും, നിശാ പാര്‍ട്ടികളിലും വിതരണം ചെയ്യാന്‍ വേണ്ടിയാണെന്നാണ് പ്രതികളുടെ മൊഴികളില്‍ നിന്നും മനസിലാകുന്നതെന്നും, ഇവര്‍ മയക്കു മരുന്ന് എത്തിക്കാന്‍ ശ്രമിച്ച ആളുകളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലക്കാട് എഇസി സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എ ജയപ്രകാശന്‍, മണ്‍സൂര്‍ അലി എസ് (ഗ്രേഡ്), സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി ഷൈബു, കെ ജ്ഞാനകുമാര്‍, അഭിലാഷ് കെ, അനില്‍ കുമാര്‍ ടി എസ്, എം അഷറഫലി, എ ബിജു, സി ഭുവനേശ്വരി, എക്സൈസ് ഡ്രൈവര്‍ കൃഷ്ണ കുമാര്‍ (എല്ലാവരും എഇസി സ്‌ക്വാഡ് ) പ്രിവന്റീവ് ഓഫീസര്‍ പി സന്തോഷ്‌കുമാര്‍ , സിഇഒ മാരായ എ ശശികുമാര്‍,എ ഫൈസല്‍ റഹ്മാന്‍ ,സി രാധാകൃഷ്ണന്‍, എക്സൈസ് ഡ്രൈവര്‍ എം മുരളി മോഹനന്‍ (എല്ലാവരും പാലക്കാട് സര്‍ക്കിള്‍ഓഫീസ്) എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News