ഭിന്നശേഷി പുനരധിവാസ ചികിത്സാ മേഖലയില്‍ രാജ്യാന്തര മികവോടെ ‘നിപ്മര്‍’

ഭിന്നശേഷി പുനരധിവാസ ചികിത്സാ രംഗത്ത് മികവിന്റെ പുതിയ കേന്ദ്രമായി നിപ്മര്‍. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (നിപ്മര്‍) മികവിന്റെ കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന സാമൂഹിക നീതി വകുപ്പിനു കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

നിപ്മറിലെ വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇതിന് പുറമേ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റും നിപ്മറിനെ വേറിട്ടതാക്കുന്നു. ഇവിടെ പുതുതായി ആരംഭിച്ചിരിക്കുന്ന അക്കാദമിക് പ്രോഗ്രാം ഈ രംഗത്തെ വിദഗ്ധരുടെ അപര്യാപ്തത പരിഹരിക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി അനുയാത്ര എന്ന പദ്ധതിക്ക് കീഴില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഏര്‍ളി ഇന്റര്‍വെഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിപ്മറിന്റെ ഉദ്ഘാടനവേളയില്‍ വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കളുടെ കാലശേഷം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഇതിനായി വിവിധ എന്‍ജിഒ-കളുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പേശി സംബന്ധവും അസ്ഥി സംബന്ധവുമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫലപ്രദമായ ചികിത്സാ രീതിയായ ഹൈഡ്രോ തെറപ്പി അഥവാ അക്വാറ്റിക് തെറപ്പി, അപകടം കാരണമോ അല്ലാതെയോ നട്ടെല്ലിനു ക്ഷതം സംഭവിച്ചവര്‍ക്കായി നിപ്മറില്‍ ആരംഭിച്ചിട്ടുള്ള പുതിയ ചികിത്സാ കേന്ദ്രമാണ് സ്‌പൈനല്‍ കോര്‍ഡ് ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ് എന്നിവയെല്ലാം നിപ്മറിനെ മികവിന്റെ കേന്ദ്രമാക്കുന്നു.

8 കിടക്കകളും ആധുനിക സജ്ജീകരണങ്ങളും ഉള്ള ചികിത്സാ സൗകര്യമാണ് ഇവിടെയുള്ളത്. ഫിസിയാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറപ്പിസ്റ്റ്, സൈക്കോ തെറപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന റീഹാബിലിറ്റേഷന്‍ സംഘം സെന്ററിലെ ചികിത്സയ്ക്കു നേതൃത്വം നല്‍കും.

ഭിന്നശേഷിക്കാരായ കുട്ടികളുടേയും മുതിര്‍ന്നവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ആര്‍ട്ട് എബിലിറ്റി സെന്ററില്‍ ചിത്രരചന, പെയിന്റിങ്, കാര്‍ട്ടൂണ്‍, ക്ലേ മോഡലിങ്, പോട്ടറി തുടങ്ങിയ കലകളില്‍ പ്രാവീണ്യം നല്‍കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആര്‍ട് വര്‍ക്ക്‌ഷോപ് സംഘടിപ്പിക്കപ്പെടും.

18 വയസ്സിനുമുകളിലുള്ള ഭിന്നശേഷി കുട്ടികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിനു വോക്കേഷനല്‍ യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷി രംഗത്തെ മികച്ച സേവന കേന്ദ്രമാണ് നിലവില്‍ നിപ്മര്‍. അക്കാദമിക് രംഗത്തേയ്ക്കുള്ള പുതിയ ചുവടുവയ്പ്പ് ഈ സെന്ററിനെ വ്യത്യസ്തമാക്കുന്നു.

നിപ്മറില്‍ പുതിയതായി പണികഴിപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ്വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്നിവയുടെ ഉദ്ഘാടനം ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here