സ്റ്റാറായി സ്റ്റാര്‍ട്ടപ് ; ലോകോത്തര അംഗീകാരം നേടി കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍

മാനവപുരോഗതിയുടെ വളര്‍ച്ചയ്ക്കായി ആധുനിക സാങ്കേതികവിദ്യാ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവയാണ് സ്റ്റാര്‍ട്ടപ്പുകള്‍.  ഭാവിയില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ സര്‍ക്കാര്‍ ഒരുക്കിയത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സര്‍ക്കാര്‍ സൃഷ്ടിച്ചത്.

വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹകരണം ഉറപ്പാക്കിയതിലൂടെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങളാണ് തുറന്നത്. കഴിഞ്ഞ നാലര വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റി ചിന്തിക്കാനുള്ള സമയമാണിത്.

കേരളത്തില്‍ 2,900 രജിസ്റ്റേഡ് സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. നാല് ലക്ഷത്തിലധികം ചതുരശ്ര അടിയുള്ള ഇന്‍കുബേഷന്‍ സ്പെയ്സ്, 40 ഇന്‍കുബേറ്റേഴ്സ്, നാല് ആക്സിലറേറ്റേഴ്സ്, 250 മിനി ഇന്‍കുബേറ്റേഴ്സ് തുടങ്ങി വിശാലമായ എക്കോ സിസ്റ്റമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയത്.

ഫ്യൂച്ചര്‍ ടെക്നോളജി ലാബ്, ഐ.ഒ.ടി ലാബ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്ന എം.ഐ.ടി സൂപ്പര്‍ ഫാബ് ലാബ്, 22 ഫാബ് ലാബ് ഉള്‍പ്പെടെയുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കാനും സര്‍ക്കാരിനായി. ഇലക്ട്രോണിക്സ്, ഹാര്‍ഡ് വെയര്‍, ബയോടെക്നോളജി, അഡ്വാന്‍സ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളില്‍ ആധുനിക ലാബ് സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

739 കോടി രൂപയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇക്വിറ്റി ഫണ്ടിലൂടെ കോര്‍പ്പസ് ഫണ്ടായി ലഭിച്ചത്. 160 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര കമ്പനികളുടെ പിന്തുണയും ലഭിച്ചു. 2000 കോടി രൂപയിലേറെ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലൂടെ നിക്ഷേപമായി എത്തിയത്. 9.26 കോടിയുടെ സീഡ് ഫണ്ടിങ്ങും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കി.

ഇതിലൂടെയെല്ലാം കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂല സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്. അടിസ്ഥാന സൗകര്യം, ഇന്‍കുബേറ്റേഴ്സ്, ആക്സലറേറ്റേഴ്സ്, ഹ്യൂമന്‍ ക്യാപിറ്റല്‍ ഡെവലപ്പ്മെന്റ്, സാമ്പത്തിക സഹായം, പൊതു സ്വകാര്യ പങ്കാളിത്തം, വിവിധ ഇന്‍കുബേറ്റേഴ്സ് മാതൃകകള്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റം, സാമ്പത്തിക സഹായവും സര്‍ക്കാരിന്റെ ഭരണപരമായ നേതൃത്വവും അടങ്ങുന്നതാണ് കേരളത്തിന്റെ ടെക്നോളജി സറ്റാര്‍ട്ടപ്പ് നയം.

സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ക്ക് നല്‍കുന്ന പിന്തുണ സ്റ്റാര്‍ട്ടപ്പ് മിഷന് ദേശീയ അന്തര്‍ ദേശിയ പുരസ്‌കാരങ്ങള്‍ നേടി കൊടുത്തു. 2019 ല്‍ യു.ബി.ഐ ഗ്ലോബല്‍ ലോകത്തെ ഒന്നാമത്തെ പബ്ലിക്ക് ബിസിനസ് ആക്സിലറേറ്ററായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ അംഗീകരിച്ചു.

ഡി.പി.ഐ.ഐ.ടിയുടെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ 2018ലും 2019ലും കേരളം ഒന്നാം സ്ഥാനത്തെത്തി. സ്റ്റാര്‍ട്ടപ്പ് രംഗത്തെ ആഗോള ചലനങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് കഴിഞ്ഞ നാലരവര്‍ഷം സര്‍ക്കാര്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News