നാലല്ല നാല്‍പ്പത് ലക്ഷം ട്രാക്ടറുകളുടെ റാലിയാണ് വരാന്‍ പോകുന്നത്; കേന്ദ്രത്തോട് തയ്യാറായിരിക്കാന്‍ കര്‍ഷകരുടെ ആഹ്വാനം

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. സമരത്തിന്‍റെ പേരില്‍ കര്‍ഷകരെ കള്ളക്കേസുകള്‍ ഉള്‍പ്പെടെ ചുമത്തി ഉപദ്രവിക്കുന്ന രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.

എന്നാല്‍ അടിച്ചമര്‍ത്തിയാല്‍ കര്‍ഷകരുടെ ശക്തി ചോര്‍ന്നുപോവില്ലെന്നും കൂടുതല്‍ കരുത്തോടെയുള്ള സമരം കേന്ദ്രം കാണാനിരിക്കുന്നതേയുള്ളുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ‘ഒക്ടോബര്‍ രണ്ട് വരെ കര്‍ഷകസമരം തുടരും. അതിനര്‍ത്ഥം അതിന് ശേഷം സമരം പിന്‍വലിക്കുമെന്നല്ല.

പിന്നീട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ സമരങ്ങളില്‍ തുടരും’, കര്‍ഷക സമരം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമായി 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.

കര്‍ഷക സമരത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജ്യമെമ്പാടും സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചത്. നേരത്തെ കര്‍ഷക സമരത്തെ ഇളക്കി വിട്ടത് സമരജീവികളാണെന്ന് മോദി പറഞ്ഞിരുന്നു.

ഇതിനും രാകേഷ് ടികായത് മറുപടി നല്‍കി. ജീവിതത്തില്‍ ഇന്നേവരെ ഒരു സമരത്തിന്റെ പോലും ഭാഗമാകാത്തയാളാണ് മോദിയെന്ന് ടികായത് പറഞ്ഞു.

ഹരിയാനയിലെ പെഹോവയിലെ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തില്‍ ഇന്നേവരെ ഒരു സമരത്തിലും മോദി പങ്കെടുത്തിട്ടില്ല. അതിന് പകരം അദ്ദേഹം രാജ്യത്തെ വെട്ടിമുറിക്കാന്‍ നടക്കുകയായിരുന്നു. സമരജീവികളെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം?’, ടികായത് ചോദിച്ചു.

ഭഗത് സിംഗ്, എന്തിനേറെ പറയുന്നു എല്‍.കെ അദ്വാനി വരെ സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്-ടികായത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here