ഉദ്യോഗാര്‍ത്ഥികളെ അപായപ്പെടുത്താനും കലാപത്തിനും നീക്കം; റാങ്ക് ഹോള്‍ഡര്‍ സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊ‍ഴിച്ചത് ഒരു ലിസ്റ്റിലും ഇല്ലാത്തയാള്‍

സെക്രട്ടറിയറ്റിന്‌ മുമ്പിൽ സമരം ചെയ്യുന്ന റാങ്ക്‌ ഹോൾഡർമാർക്കിടയിൽ നുഴഞ്ഞുകയറി ആത്മഹത്യാശ്രമവും അക്രമവും നടത്താൻ ഗൂഢാലോചന നടന്നതായി പൊലീസ്‌ രഹസ്യാന്വേഷണ റിപ്പോർട്ട്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുമുമ്പ്‌ ഏതുവിധേനെയും സംസ്ഥാനത്ത്‌ പലയിടത്തും കലാപം സൃഷ്‌ടിക്കാനാണ്‌ നീക്കം.

ഇതിലേക്ക്‌ യുഡിഎഫും ബിജെപിയും ചില പ്രവർത്തകരെ റിക്രൂട്ടുചെയ്‌ത്‌‌ തലസ്ഥാനത്തിറക്കി. ഒരു കോൺഗ്രസ്‌ നേതാവിന്റെ ഉന്നത വസതി, എംഎൽഎ ക്വാർട്ടേഴ്‌സ്‌ പരിസരം എന്നിവ കേന്ദ്രീകരിച്ചാണ്‌ ഗൂഢാലോചനയെന്നും ഇന്റലിജൻസ്‌ മേധാവി‌ സർക്കാരിന്‌ റിപ്പോർട്ട് നല്‍കി.

പിഎസ്‌സി വഴി ഇതുവരെയില്ലാത്തത്ര നിയമനം നടത്തിയ‌ എൽഡിഎഫ്‌ സർക്കാർ, റാങ്ക്‌ ഹോൾഡർമാരുടെ ആവശ്യം പരിഗണിച്ച്‌ പട്ടിക കാലാവധി ആറു മാസം നീട്ടി. എന്നാൽ, പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും വ്യാജപ്രചാരണത്തില്‍ കുടുങ്ങി‌ ചിലർ സെക്രട്ടറിയറ്റിന്‌ മുമ്പിൽ സമരം ചെയ്യുകയാണ്‌‌.

ഇവർക്കിടയിൽ നുഴഞ്ഞ്‌ കയറി വിഷയം ആളിക്കത്തിച്ച്‌ പ്രശ്‌നമുണ്ടാക്കാനാണ്‌ ശ്രമം. മണ്ണെണ്ണയും പെട്രോളുമൊഴിച്ച്‌ ആത്മഹത്യാശ്രമത്തിന്‌ നീക്കമുള്ളതായി ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ ഞായറാഴ്ച‌ സിറ്റി പൊലീസ്‌ കമീഷണർക്ക് റിപ്പോർട്ട്‌ നൽകി.

സമരക്കാരെ ഇരയാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ പൊലീസ്‌ പാലിച്ച ജാഗ്രതയാണ്‌ തിങ്കളാഴ്ചത്തെ യുഡിഎഫിന്റെ ആത്മഹത്യാനാടകം പൊളിച്ചത്‌. പ്ലാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ്‌ മൂന്ന്‌ കന്നാസ്‌‌ മണ്ണെണ്ണ സമരക്കാർക്കിടയിലേക്ക്‌ കൊണ്ടുവന്നു. ഇതിൽ ഒന്നിലെ മണ്ണെണ്ണ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ റിജു ദേഹത്ത്‌ ഒഴിച്ചു. രണ്ട്‌ കന്നാസ് നിലത്തൊഴിച്ചു.

അതിലേക്ക്‌ തീ പകർന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ. പാലക്കാട്‌ പെരുവെമ്പ് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്‌ണന്റെ മകനായ റിജു നിലവിൽ ഒരു റാങ്ക്‌ പട്ടികയിലുമില്ല. തിങ്കളാഴ്ചത്തെ ആത്മഹത്യാനാടകം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനുള്ള‌ ശ്രമത്തിന്റെ റിഹേഴ്‌സലാണെന്ന്‌ ഇന്റലിജൻസ്‌ മേധാവിക്ക്‌ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു മുമ്പ്‌ നടത്തിയ ചാപ്പകുത്തൽ നാടകത്തിന്‌ സമാനമായ അക്രമം ആവർത്തിക്കാനും ഇടയുണ്ട്‌. ചില അജ്ഞാതർ കുറച്ച്‌ ദിവസമായി സമരവേദിക്കരികിൽ തമ്പടിക്കുന്നു. ഇവരുടെ‌ വിശദവിവരം നഗരത്തിന്റെ ചുമതലയുള്ള ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ പൊലീസ്‌ മോധാവിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News