തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. മാർച്ച് അഞ്ച് വരെയാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുന്നത്.
തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയും ചലച്ചിത്ര മേള സംഘടിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായി രോഗനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള.
രജത ജൂബിലി നിറവിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 2500 പ്രതിനിധികൾക്കാണ് തിരുവനന്തപുരത്ത് സിനിമ കാണാൻ അവസരമുള്ളത്. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായ ഫ്രഞ്ച് സംവിധായകൻ ഷീൻലുക് ഗൊദാർദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടനചിത്രം.
വിവിധ വിഭാഗങ്ങളിലായി 80 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽനിന്നു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിലെ മറ്റ് ഭാഷകളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തു. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥൽ പുരാൺ (Chronicle of Space)’ എന്നിവയാണ് തിരഞ്ഞെടുത്തത്.
മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക: ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൈൽ സ്റ്റോൺ/ മീൽ പത്തർ (ഇവാൻ ഐർ; ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിർ (അരുൺ കാർത്തിക്; തമിഴ്), കുതിരവാൽ (മനോജ് ജാഹ്സൺ, ശ്യാം സുന്ദർ; ഹിന്ദി ), ദ ഡിസിപ്ൾ (ചൈതന്യ തമ്ഹാനെ; മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), പിഗ്/ സേത്തുമാൻ (തമിഴ്), പിങ്കി എല്ലി? (പ്രിഥ്വി കൊനാനൂർ;കന്നഡ), ലൈല ഔർ സാത്ത് ഗീത് (പുഷ്പേന്ദ്ര സിങ്; ഹിന്ദി) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് 1956- മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ; മലയാളം), ബിരിയാണി (സജിൻ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ; മലയാളം), മയാർ ജോൻജാൽ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നീ ആറ് ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here