എന്തിന് തുടരണം എല്‍ഡിഎഫ്?; ഇതാ ചില ഉത്തരങ്ങള്‍

സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്നൊരു വിധിയാവും ഇത്തവണത്തേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചന നല്‍കുന്നു.

സംസ്ഥാനം ആദ്യമായി ഒരു തുടര്‍ ഭരണത്തിന്റെ വക്കിലാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് തരംഗത്തെ ചൂണ്ടിക്കാട്ടി ചര്‍ച്ചയാവുന്നു.

അടിസ്ഥാന സൗകര്യ വികസനങ്ങളിലും വ്യാവസായിക മേഖലയുടെ വളര്‍ച്ചയിലും വികസന പദ്ധതികളുടെ സാക്ഷാത്കാരത്തിലുമെല്ലാം വിപ്ലവകരമായ മാറ്റമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സാധ്യമാക്കിയത്.

തുടരെയുള്ള പ്രതിസന്ധിയുടെ ഘട്ടങ്ങളിലും സാധാരണക്കാരനെ ചേര്‍ത്ത് നിര്‍ത്തി ക്ഷേമഭരണത്തിന് പുതിയ നിര്‍വചനം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍. സാധ്യമാകില്ലെന്ന് കരുതിയ പല സ്വപ്‌ന പദ്ധതികള്‍ക്കും ചിറക് മുളച്ചു പലതും യാഥാര്‍ഥ്യമായി.

എന്തുകൊണ്ട് എല്‍ഡിഎഫ് ഭരണം തുടരണം എന്നതിന് ചില ഉത്തരങ്ങള്‍ ഇതാ

#1 ഇന്ത്യയിലെ മൊത്തം സാമ്പത്തിക വളര്‍ച്ച 47 ശതമാനം കുറഞ്ഞപ്പോഴും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ തുടരുകയാണ്. യുഡിഎഫ് കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കെഎസ്ഡിപി ഉള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണമാതൃകയില്‍ തിരിച്ചുവരവിന്റെ പാതയിലെത്തിയ സ്ഥാപനങ്ങള്‍ നിരവധി.

#2 നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറഞ്ഞിരുന്ന കെഎസ്ആര്‍ടിസി ലാഭം രേഖപ്പെടുത്തുന്നു. തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക ഉള്‍പ്പെടെ കൊടുത്ത് തീര്‍ക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ സഹായം കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കുന്നു. സര്‍വീസിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് നൂതന പദ്ധതികള്‍ ആരംഭിക്കുന്നു. പരസ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വയം സ്വീകരിച്ച് കമ്മീഷന്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നു അങ്ങനെ കേരളത്തിന്റെ ആനവണ്ടി ലാഭത്തിന്റെ ഡബിള്‍ ബെല്‍ അടിക്കുന്നത് ഇടതുഭരണത്തിന് കീഴിലാണ്.

#3 എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഫ്‌ലാഗ് ഷിപ്പ് പദ്ധതികളിസലൊന്നായ ലൈഫ് മിഷന്‍ വഴി സംസ്ഥാനത്ത് നിര്‍മിച്ച് നല്‍കിയത് രണ്ടര ലക്ഷം വീടുകളാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സ്വന്തമായി വീടും സ്ഥലവുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ഛയമുള്‍പ്പെടെ അനേകായിരങ്ങളുടെ വീടെന്ന സ്വപ്‌നത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സാക്ഷാത്കരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ വീടെന്നത് ഒരു സ്വപ്‌നം മാത്രമായിക്കണ്ട് കടന്നുപോയവര്‍ ഏറെയാണ് ആ സ്ഥിതിക്കാണ് മാറ്റം വന്നിരിക്കുന്നത് സാധാരണക്കാരന്റെ സ്വപ്‌നങ്ങളെ ഈ സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചു നമ്മള്‍ ഒന്നിച്ച് നിന്നപ്പോള്‍ അഭിമാനകരമായ ഈ നേട്ടം നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞു

#4 പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര സ്‌കൂളുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ കടലുകടന്നും പ്രശസ്തമായി. അമേരിക്കന്‍ പാഠപുസ്തകങ്ങള്‍ നമ്മുടെ പഠന രീതിയെയും സംവിധാനങ്ങളെയും പഠനവിധേയമാക്കി, വിദേശ സ്‌കൂളുകള്‍ നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൂടെ സംയോജിപ്പിച്ചുള്ള പാഠ്യ പദ്ധതികള്‍ക്ക് രൂപം നല്‍കി. പൊതുവിദ്യാലയങ്ങളെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിച്ചിരുന്ന സാധാരണക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് വരിനില്‍ക്കുന്ന കാലത്തിലേക്ക് നാം കേരളത്തെ മാറ്റി. കൊവിഡ് പ്രതിസന്ധിയില്‍ പോലും മുടങ്ങാതെ അധ്യായനം നല്‍കാന്‍ നാം സ്വീകരിച്ച മാതൃകകള്‍ ലോകത്തിന് മാതൃകയായി. കുരുന്നുകളെയും കുടുംബങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയ സര്‍ക്കാര്‍ അവര്‍ക്ക് പോഷകാഹാരങ്ങളും ഉറപ്പുവരുത്തി മാനസിക ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പദ്ധതികളും നടപ്പാക്കി. യുഡിഎഫ് ഭരണ കാലത്ത് 4.9 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയതെങ്കില്‍. പുതുതായി 6.79 ലക്ഷം കുരുന്നുകളാണ് എല്‍ഡിഎഫ് കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളുടെ പടി കടന്നെത്തിയത്.

#5 അന്തിയുറങ്ങുന്നത് അപരന്റെ കൂരയിലാണെന്നത് എല്ലാ നേട്ടങ്ങള്‍ക്കിടയിലും നൊമ്പരമായി കൊണ്ടു നടന്നിരുന്ന ഒരു ജനത. ഏത് സമയത്തും പടിയിറക്കപ്പെട്ടേക്കാം എന്ന ഭയത്തോടെ കഴിഞ്ഞിരുന്ന ജനത ഇങ്ങനെയുള്ള 163691 കുടുംബങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പോയ നാലര വര്‍ഷം കൊണ്ട് പട്ടയം നല്‍കിയത്. സ്വന്തം ഭൂമിയെന്ന സ്വപ്‌നത്തിന്റെ തിളക്കം അവരുടെ ചിരികളിലൂടെ കേരളം കണ്ടു.

#6 ക്ഷേമ പെന്‍ഷന്‍ എന്ന വാക്ക് അന്വര്‍ത്ഥമാക്കിയ സര്‍ക്കാരാണ് പോയ നാലരവര്‍ഷക്കാലം കേരളം കണ്ട ഇടതുപക്ഷ സര്‍ക്കാര്‍. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെ അവകാശമായ ക്ഷേമപെന്‍ഷന്‍ കോടികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശ്ശികയാക്കി വച്ചത്. അഞ്ചുവര്‍ഷക്കാലം കേരളം ഭരിച്ചിട്ടും നൂറുരൂപയെന്ന തുച്ഛമായ വര്‍ധനവ് മാത്രമാണ് യുഡിഎഫ് ക്ഷേമപെന്‍ഷനില്‍ വര്‍ധനവ് വരുത്തിയത് എന്നാല്‍ നിലവില്‍ 1500 രൂപയാണ് ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ കുടിശ്ശികയില്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. യുഡിഎഫ് കാലത്ത് 3583886 പേരാണ് പെന്‍ഷന്‍ ഉപഭോക്താക്കളായി ഉണ്ടായിരുന്നതെങ്കില്‍ എല്‍ഡിഎഫ് കാലത്ത് 5543774 ആയി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു.

യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ അഞ്ചുവര്‍ഷക്കാലം കൊണ്ട് 1500 രൂപയായി എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. പെന്‍ഷന്‍ ഏപ്രില്‍ 1 മുതല്‍ 1600 ആയും ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷക്കാലം പെന്‍ഷന്‍ വിതരണത്തിനായി യുഡിഎഫ് സര്‍ക്കാര്‍ 9270 കോടി രൂപ മാത്രം ചെലവഴിച്ചപ്പോള്‍ 26668 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ സാധാരണക്കാരന് വിതരണം ചെയ്തത്.

#7 സംസ്ഥാനത്തിന്റെ മുഖഛായമാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നാലരവര്‍ഷക്കാലം കൊണ്ട് നടപ്പിലാക്കിയത്. വിവിധ മേഖലകളില്‍ യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചിലവഴിച്ച തുകയില്‍ ഗണ്യ വ്യത്യാസം പ്രകടമാണ് കാര്‍ഷിക മേഖലയില്‍ 4853 കോടി രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ചെലവഴിച്ചതെങ്കില്‍ 6792 കോടി രൂപയാണ് എല്‍ഡിഎഫ് ചെലവഴിച്ചത്. ആരോഗ്യ മേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ 5824 കോടി രൂപ ചെലവഴിച്ചപ്പോള്‍ എല്‍ഡിഎഫ് ചെലവഴിച്ചത് 9296 കോടി രൂപയാണ്. 14560 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചപ്പോള്‍ 20862 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത്.

#8 പൊതുമേഖലയുടെ വളര്‍ച്ചയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പോയ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ നടപ്പിലാക്കിയ മറ്റൊരു വിപ്ലവകരമായ പദ്ധതി. യുഡിഎഫ് കാലത്ത് അഴിമതിക്കും ഇഷ്ടക്കാരുടെ നിയമനത്തിനും മാത്രമായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉപയോഗപ്പെടുത്തിയിരുന്ന വ്യവസായ വകുപ്പിനെ പുതുജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കൊവിഡ് കാലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വ്യവസായ വകുപ്പിന്റെ ഈ ഉണര്‍വ് പ്രകടമായിരുന്നു. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യത്തിനുള്ള പേടകത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ച് നല്‍കിയത് നമ്മുടെ പൊതുമേഖലാ സ്ഥാപനമാണെന്നതും എടുത്തുപറയേണ്ടതാണ്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിന്റെ കടക്കുപറഞ്ഞ് സ്വകാര്യവല്‍ക്കരിക്കുന്ന കാലത്താണ് സംസ്ഥാനം നഷ്ടത്തിലുള്ള സ്ഥാപനങ്ങളെയും പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി ലാഭത്തിന്റെ പാതയിലേക്ക് ഉയര്‍ത്തുന്നതെന്നത് ദീര്‍ഘ വീക്ഷണമുള്ള കാര്യക്ഷമമായ ഒരു ഭരണ തന്ത്രത്തിന്റെ തെളിവാണ്.

നാടിന്റെ നാനാമേഖലയും വളര്‍ന്നു… സകല മനുഷ്യരും വികസനത്തിന്റെ ഗുണഭോക്താക്കളായി… അവരുടെ കൂടെ പങ്കാളിത്തം നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തി… പ്രകൃതിയെയും മണ്ണിനെയും മനുഷ്യനെയും ചേര്‍ത്ത് പിടിച്ച ഒരു ഭരണം… ഈ ഭരണം തുടരേണ്ടത് നാടിന്റെ ആവശ്യമാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here