‘മുറുക്കിച്ചുവന്ന ചുണ്ടില്‍ നിന്നും അന്ന് നെറുകില്‍ തന്ന ആ ഒരുമ്മക്ക് സമര്‍പ്പണം’ ; ഗിരീഷ് പുത്തഞ്ചേരിക്കായി “മ്മ” നൽകി മനു മന്‍ജിത്ത്

പാട്ടെഴുത്തിനു വേണ്ടി മാത്രം ജീവിച്ചു മരിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന കവിയെ മലയാളികൾ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്. . പ്രണയത്തിലും വിരഹത്തിലും വാത്സല്യത്തിലുമൊക്കെയായി ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു വരിയെങ്കിലും ഓർമ്മിക്കാതെ നമ്മുടെ ഒരു ദിവസം കടന്നുപോകുന്നുണ്ടാവില്ല..ഗിരീഷ് പുത്തഞ്ചേരി കടന്നു പോയിട്ട് പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഇല്ലായ്മയെ മറികടക്കാനെന്നവണ്ണം നമ്മൾ വീണ്ടും വീണ്ടും ആ പാട്ടുകളെ മുറുക്കിപ്പിടിക്കുകയാണ്. അല്ലെങ്കിൽ ആ പാട്ടുകൾ നമ്മെ മുറുക്കി കളഞ്ഞു .

ഗിരീഷ് പുത്തഞ്ചേരിയോട് ആരാധന തോന്നാത്ത പാട്ടെഴുത്തുകാർ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ മനു മന്‍ജിത്ത് “മ്മ”യിലൂടെ ആ സ്നേഹവും ആരാധനയും പകർന്നു നൽകുന്നത് കാണുമ്പോൾ അത്ഭുതം തോന്നേണ്ടതില്ല. ആദ്യ കാഴ്ച്ചയിൽ തന്നെ സ്നേഹം കൊണ്ട് തന്നെ അനുഗ്രഹിച്ച് ഗിരീഷ് പുത്തഞ്ചേരി എന്ന മനുഷ്യനെപ്പറ്റി മനു മന്‍ജിത്ത് പല അഭിമുഖങ്ങളിലും എഴുത്തുകളിലും പറഞ്ഞിട്ടുണ്ട്.

ആരാധനയ്ക്കപ്പുറം അദൃശ്യമായ ഒരു ആത്മബന്ധം മനു മന്‍ജിത്തിനു ഗിരീഷ് പുത്തഞ്ചേരിയോട് ഉണ്ടായിരുന്നു. ഇപ്പോളിതാ ഗീരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മദിനമായ ഫെബ്രുവരി 10 ന് അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുന്ന കവിതാസമാഹാരമായ ‘മ്മ’ യുടെ പ്രകാശനം നടക്കുകയാണ്.

ഇന്ന്  വൈകുന്നേരം 5 മണിക്ക് മലയാളത്തിലെ പ്രിയ താരങ്ങളായ മഞ്ജു വാര്യര്‍, രഞ്ജി പണിക്കര്‍, രചന, ലാല്‍ജോസ്, പ്രിയദര്‍ശന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുസ്‌കതപ്രകാശനം നടക്കുന്നത്.

‘അദ്ദേഹമിപ്പോഴും നമുക്കറിയാത്ത ഏതോ ലോകത്തിരുന്ന് തന്റെ കറുത്ത ഷര്‍ട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടണുകള്‍ തുറന്നിട്ട്, താടിയിലൊന്ന് തടവി, സ്വയം മറന്ന് കണ്ണടച്ച് വയലാറിന്റെയും ഭാസ്‌കരന്‍ മാഷിന്റെയുമൊക്കെ പാട്ടുകള്‍ അതിമനോഹരമായി പാടി ഓരോ വരിയുടെയും കല്‍പനയും ഭംഗികളും വിവരിച്ചു കൊടുത്ത് ചുറ്റുമിരിക്കുന്ന ഗന്ധര്‍വകിന്നരന്‍മാരെ മയക്കുന്നുണ്ടാവണം.’ എന്ന് കുറിച്ചുകൊണ്ട് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മനു മന്‍ജിത്ത് ‘മ്മ’ എന്ന പുസ്തകപ്രകാശന വാര്‍ത്ത നമ്മെ അറിയിക്കുന്നത്.

മനു മന്‍ജിത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

അദ്ദേഹമിപ്പോഴും നമുക്കറിയാത്ത ഏതോ ലോകത്തിരുന്ന് തന്റെ കറുത്ത ഷര്‍ട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടണുകള്‍ തുറന്നിട്ട്, താടിയിലൊന്ന് തടവി, സ്വയം മറന്ന് കണ്ണടച്ച് വയലാറിന്റെയും ഭാസ്‌കരന്‍ മാഷിന്റെയുമൊക്കെ പാട്ടുകള്‍ അതിമനോഹരമായി പാടി ഓരോ വരിയുടെയും കല്‍പനയും ഭംഗികളും വിവരിച്ചു കൊടുത്ത് ചുറ്റുമിരിക്കുന്ന ഗന്ധര്‍വകിന്നരന്‍മാരെ മയക്കുന്നുണ്ടാവണം.അല്ലെങ്കില്‍ ഇടംകൈയിലെ മഴമേഘത്താംബൂലത്തില്‍ നിലാവിന്റെ നൂറ് തേച്ച് സ്വാതിയുടേയോ ത്യാഗരാജകൃതിയുടെയോ കൂടെ ഒഴുകി… അല്ലെങ്കില്‍ കാളിദാസനിലോ കുമാരനാശാനിലോ കുഞ്ഞിരാമന്‍ നായരിലോ മനസ്സുടക്കി…അല്ലെങ്കില്‍ മഴവില്‍പേന കൊണ്ട് പുതിയ കവിതയുടെയോ ഒരു മുട്ടായിപ്പാട്ടിന്റെയോ അക്ഷരങ്ങള്‍ കൊരുത്തെടുക്കാന്‍ സ്വയം ശ്രുതി മുറുക്കി…. ഇനിയിതൊന്നുമല്ലെങ്കില്‍ ചങ്ങാതിമാരില്‍ ആരെങ്കിലുമൊരാളുടെ അബദ്ധമോ കുസൃതിയോ പത്തിന് നൂറാക്കി ജോണ്‍സണ്‍ മാഷുടെ ഭാഷയില്‍ ഒരു ‘തട്ടിപ്പുതമാശ’ പയറ്റി പൊട്ടിച്ചിരിക്കുന്നുണ്ടാവാം… അതേ സദസ്സില്‍ തര്‍ക്കിക്കുന്നുണ്ടാവാം… കലഹിക്കുന്നുണ്ടാവാം… പരിഭവിച്ചു തീരും മുന്നേ കെട്ടിപ്പിടിച്ചുമ്മ വെക്കുന്നുണ്ടാവാം. ഇതിലേതെങ്കിലും ഒരു പരിപാടിയില്‍ പെട്ട് തിരക്കിലാവുമെന്നുറപ്പാണ് . ഇതിനിടയില്‍ അറിയുന്നുണ്ടാവുമോ തന്നെ ധ്യാനിച്ചൊരുവന്‍ പാട്ടെഴുതിപ്പോയതും സിനിമയിലെത്തിയതും. അവന്റെ ആദ്യത്തെ ചട്ട വച്ച കുത്തിക്കുറിക്കലുകളും തനിക്കാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്ന്. അത് കൊണ്ടു തന്നെ ഒരു വികൃതിക്കുട്ടിയെപ്പോലെ ഇവിടെ എല്ലാവരുടെയും കണ്‍വെട്ടത്തു നിന്നും താന്‍ ഒളിച്ചു കടന്നതിന്റെ ഒരു വാര്‍ഷികദിനത്തിലാണ് ആ പുസ്തകം ഇറങ്ങുന്നതെന്ന്…? അറിയുന്നുവോ എന്നുറപ്പില്ല…!
എന്തായാലും മ്മ ഗിരീഷേട്ടന്റെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി പത്തിന് പുറത്തിറങ്ങുന്നു.
അന്നൊരു വൈകുന്നേരം എന്റെ വീട്ടിലെത്തിയ നേരം ഗിരീഷേട്ടന്‍ തന്ന ഒരു സമ്മാനമുണ്ട്. അതൊരു ക്യാപ്പിറ്റലാണെനിക്ക്. ഈ പുസ്തകവും മുറുക്കിച്ചുവന്ന ചുണ്ടില്‍ നിന്നും അന്ന് നെറുകില്‍ തന്ന ആ ഒരുമ്മക്ക് സമര്‍പ്പണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News