‘ഈ രാജ്യത്തില്‍പ്പെട്ടവരെങ്കില്‍ രാജ്യത്തെ എല്ലാവരെയും ബഹുമാനിക്കാം’ ; മോദിയെ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയമാന്യതയും പഠിപ്പിച്ച് ഫാറൂഖ് അബ്ദുള്ള

‘ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.

മതത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന വേര്‍തിരിവിനെതിരെയും മുന്‍ പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ കുറിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയും ഫാറൂഖ് അബ്ദുള്ള ലോക്സഭയില്‍ പ്രതികരിച്ചു. ‘രാമന്‍ നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ പ്രതിപക്ഷമാണ്, പക്ഷേ നിങ്ങളെ നയിക്കാനും നിങ്ങളെ തിരുത്താനും ഞങ്ങള്‍ ഇവിടെ ഇരിക്കുന്നു,” കേന്ദ്ര സര്‍ക്കാരിനോട് ഫാറൂഖ് അബ്ദുള്ള മറുപടിനല്‍കി.

‘നിങ്ങള്‍ക്ക് കര്‍ഷകരോട് എന്തുകൊണ്ട് സംസാരിക്കാന്‍ കഴിയുന്നില്ല. ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം, ഇന്ത്യ ജനാധിപത്യത്തിന്റെ ഒരു മാതൃകയായാണ് ലോകം മുഴുവനും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആ പേരിന് കളങ്കം സംഭവിച്ചിരിക്കുന്നു’ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് എന്‍.സി നേതാവ് ഫാറൂഖ് അബ്ദുല്ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുന്‍പ് രാജ്യത്തെ നയിച്ച പല പ്രധാനമന്ത്രിമാരുടെയും ഭരണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അവരെ ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘നിങ്ങളില്‍ സര്‍ദാര്‍ പട്ടേലിനെ കണ്ടവര്‍ എത്രപേരുണ്ട്? ഗാന്ധിജിയെ കണ്ടവര്‍ എത്രപേരുണ്ട്? ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ പിതാവ് നെഹ്റുവിന്റെ കാലത്ത് വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ മരിക്കുന്നതുവരെ നെഹ്റുവിനെക്കുറിച്ച് ഒരക്ഷരം മോശമായി പറഞ്ഞിട്ടില്ല. ഈ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹാരഥന്മാരായ മുന്‍ നേതാക്കളെക്കുറിച്ച് എന്തും പറയാമെന്നും പ്രചരിപ്പിക്കാമെന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് അജ്ഞതയാണ്,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

അതേസമയം, കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച അദ്ദേഹം കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News