പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ; നടപടി മനുഷ്യത്വപരം, രാഷ്ട്രീയമില്ല

പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരെയും പ്രത്യേകമായി ഉള്‍കൊള്ളിക്കുകയോ, ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വനം വകുപ്പില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തും. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തും. മനുഷ്യത്വപരമായ നടപടിയാണിത്. അതില്‍ രാഷ്ട്രീയ പരിഗണയില്ല. ഫെബ്രുവരി അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികയും ആറ് മാസം വരെ നീട്ടി നല്‍കിയിട്ടുണ്ട്.

27000 സ്ഥിരം തസ്തികള്‍ ഉള്‍പ്പെടെ 44000 തസ്തികള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു. 157911 പേര്‍ക്ക് പിഎസ്‌സി വഴി ഈ സര്‍ക്കാര്‍ ജോലി നല്‍കി. ഈ സര്‍ക്കാര്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു വര്‍ഷം 25000 നിയമനങ്ങള്‍ മാത്രമാണ് നല്‍കാന്‍ കഴിയുക. ഈ സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ആളുകള്‍ക്ക് ജോലി നല്‍കി. ഒഴിവിന്റെ അഞ്ചിരട്ടി ആളുകളാണ് പിഎസ്‌സി ലിസ്റ്റുകളില്‍ വരിക. കേന്ദ്ര സര്‍ക്കാരിലും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം സ്തംഭിച്ചു.

നിരപരാധികളായ ചെറുപ്പക്കാരെ തെരുവില്‍ ഇറക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ആളുകളുടെ ജീവന് അപകടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ജീവന് അപകടം വരുത്തി രാഷ്ട്രീയ താല്‍പര്യം നേടാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News