പി.എസ്.സി; രാഷ്ട്രീയനാടകങ്ങൾക്കപ്പുറം; അശോകന്‍ ചരുവില്‍ എ‍ഴുതുന്നു

റാങ്കുലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകണമെന്നത് സാധ്യമായ കാര്യമാണോ?എന്നും ആർക്കെങ്കിലും ഈ ഡിമാൻ്റിനെ ന്യായീകരിക്കാനാവുമോ? എന്നും  പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയും മുന്‍ പിഎസ്‌സി അംഗവുമായ അശോകന്‍ ചരുവില്‍.

നിലവിലുള്ളതും സമീപഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ എണ്ണത്തിൻ്റെ നാലും അഞ്ചും മടങ്ങ് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടാണ് റാങ്കുപട്ടിക തയ്യാറാക്കുന്നത്.

അതു കൂടാതെ ഓരോ സംവരണ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം സപ്ലിമെൻ്ററി ലീസ്റ്റുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.  കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ:

പി.എസ്.സി.യുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവാദത്തിൽ കോൺഗ്രസ്സ് വളണ്ടിയർമാരുടെ വ്യാജ മണ്ണെണ്ണ നാടകങ്ങളും ചില മാധ്യമങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ഒതുങ്ങിയാൽ അവശേഷിക്കുന്ന ഒരു ആവശ്യം ഇതു മാത്രമാണ്.
“റാങ്കുലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകണം.”

ഇത് സാധ്യമായ കാര്യമാണോ? ആർക്കെങ്കിലും ഈ ഡിമാൻ്റിനെ ന്യായീകരിക്കാനാവുമോ?
നിലവിലുള്ളതും സമീപഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ എണ്ണത്തിൻ്റെ നാലും അഞ്ചും മടങ്ങ് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടാണ് റാങ്കുപട്ടിക തയ്യാറാക്കുന്നത്. അതു കൂടാതെ ഓരോ സംവരണ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം സപ്ലിമെൻ്ററി ലീസ്റ്റുകൾ ഉണ്ടാകും.

റാങ്കുലീസ്റ്റിൽ ഉൾപ്പെടുന്നവരെല്ലാം നിയമനം സ്വീകരിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് പട്ടിക വലുതാക്കുന്നത്. പരീക്ഷയെഴുതിക്കഴിഞ്ഞാൽ റാങ്കുലീസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സമരം ചെയ്യാറുണ്ട്.
പി.എസ്.സി.ക്കു വിട്ടുകൊടുക്കാത്ത നിരവധി വകുപ്പുകളും തസ്തികകളും സംസ്ഥാനത്തുണ്ട്. അവയിൽ പലതും ഒഴിഞ്ഞുകിടക്കുന്നു.

സർക്കാർ വകുപ്പുകളിൽ തന്നെ അടിയന്തിരാവശ്യങ്ങൾക്കുണ്ടാവുന്ന ഒഴിവുകൾ പി.എസ്.സി.ക്കു വിട്ടുകൊടുത്തിട്ടുണ്ടാവില്ല. അവയിൽ പലയിടത്തും താൽക്കാലിക ജീവനക്കാരുണ്ട്. കരാർ ജീവനക്കാരുണ്ട്. അവിടെ തങ്ങളെ നിയമിച്ചാലെന്താ എന്നാണ് ലിസ്റ്റിലുള്ളവരുടെ ചോദ്യം.

വിവരക്കേടിന് മറുപടി പറയാൻ ബുദ്ധിമുട്ടാണ്. പി.എസ്.സി.ക്ക് വിട്ട തസ്തികകളിൽ താൽക്കാലിക / കരാർ ജീവനക്കാർ ഉണ്ടെങ്കിൽ റാങ്കുലീസ്റ്റ് വരുന്ന മുറക്ക് അവർ പുറത്താകും. ഇതിന് കൃത്യമായ നിയമവ്യവസ്ഥയുണ്ട്. റാങ്കുലീസ്റ്റിനെ ധിക്കരിച്ച് അത്തരക്കാരെ നിലനിർത്തിയ ചരിത്രം ഉമ്മൻ ചാണ്ടിക്കു മാത്രമേയുള്ളു. അപ്പോഴൊക്കെ കോടതി ഇടപെട്ടിട്ടുണ്ട്.

ഒരു കൊല്ലമാണ് ഒരു റാങ്കുലീസ്റ്റിൻ്റെ കാലാവധി. പുതിയ റാങ്കുലീസ്റ്റ് വരാൻ താമസമുണ്ടായാൽ അത് മൂന്നുകൊല്ലം വരെ നീണ്ടു കിട്ടാം. അസാധാരണമായ സാഹചര്യമുണ്ടായാൽ നാലര കൊല്ലം വരെ നീട്ടാവുന്നതാണ്. അതുവിട്ട് നിലനിൽക്കാൻ ഒരു നിലക്കും നിയമം അനുവദിക്കുന്നില്ല. ഇതിനിടയിൽ പുതിയ റാങ്കുലിസ്റ്റ് വന്നാൽ പഴയത് റദ്ദായിപ്പോകും. യൂണിഫോംഡ് ഫോഴ്സുകളിലേക്ക് എല്ലാ വർഷവും റിക്രൂട്ട്മെൻ്റ് നടക്കുന്നുണ്ട്.

റാങ്കുലിസ്റ്റിൽ കയറിയപ്പറ്റിയവർ ചില ബസ്സുയാത്രക്കാരെപ്പോലെയാണ്. തങ്ങൾ കയറിക്കഴിഞ്ഞാൽ പിന്നെ ആരും കയറരുത്. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നും പുതിയ റാങ്ക് ലീസ്റ്റ് പബ്ലിഷ് ചെയ്യരുതെന്നും അവർ ആവശ്യപ്പെടുന്നു. കാലഹരണപ്പെട്ട റാങ്കുലീസ്റ്റുകളിൽ നിന്ന് നിയമനം നടത്തണമെന്ന വിചിത്രമായ ആവശ്യവും ഉന്നയിക്കുന്നുണ്ട്.

റാങ്കുലീസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമല്ല ഉദ്യോഗാർത്ഥികൾ; പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവർ ആയിരക്കണക്കിന് പേർ പുറത്തുണ്ട്. പുതിയ പരീക്ഷ നടക്കാതിരിക്കുകയും റാങ്കുലീസ്റ്റ് കാലാവധി നീണ്ടു പോവുകയും ചെയ്യുമ്പോൾ അവരുടെ കാത്തിരിപ്പും പ്രതീക്ഷയും വൃഥാവിലാകുന്നു.

പി.എസ്.സി. കോച്ചിംഗ് സെൻ്ററുകളും റാങ്ക് ലിസ്റ്റ് അസോസിയേഷനുകളും ഉദ്യോഗാർത്ഥികൾക്ക് ആവശ്യമുള്ളതു തന്നെയാണ്. പക്ഷേ ഇന്ന് അവയിൽ പലതും ഒരുവക മാഫിയ പോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് എത്ര പണമാണ് അവർ പിരിച്ചെടുക്കുന്നത്, എന്തെല്ലാം വാഗ്ദാനങ്ങളാണ് അവർ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നത് എന്നത് പരിശോധിക്കേണ്ടതാണ്.

ആയിരക്കണക്ക് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പി.എസ്.സി.യെപ്പറ്റി നട്ടാൽ കുരുക്കാത്ത നുണപ്രചരണം നടത്തുന്നതിന് പിന്നിൽ ആരാണുള്ളത് എന്നും അന്വേഷിക്കണം.

നിശ്ചിതമായ തസ്തികകൾ മാത്രമേ സർക്കാർ സർവീസിൽ ഉള്ളൂ. ഗുമസ്തന്മാരുടെ എണ്ണം കൂട്ടുന്നത് ഏതൊരു ഭരണകൂടത്തിനും ഭൂഷണമായ കാര്യമല്ല. പരിമിതമായ ഈ ഒഴിവുകളിൽ മാത്രം പ്രതീക്ഷ വെച്ച് നാടെങ്ങും കോച്ചിംഗ് സെൻററുകൾ ഏതാണ്ടൊരു ഔപചാരിക വിദ്യാഭ്യാസ പരിപാടി പോലെ നടക്കുകയാണ്.

വലിയ തുക ഫീസു കൊടുത്തു പഠിക്കുന്ന ഉദ്യോഗാർത്ഥികൾ “കോച്ചിംഗ് കോഴ്സ്” പാസ്സായതിൻ്റെ ക്രെഡിറ്റിൽ തങ്ങൾ ഉദ്യോഗത്തിൻ്റെ അവകാശികളാണെന്ന് കരുതുന്നു. കോച്ചിംഗ് സെൻ്ററുകാരും റാങ്ക്ലിസ്റ്റ് അസോസിയേഷൻ നടത്തിപ്പുകാരും നൽകുന്ന നുണകളും വാഗ്ദാനങ്ങളും അതേപടി വിശ്വസിച്ച് രാഷ്ട്രീയ നാടകങ്ങളുടെ ഇരകളാകുന്നു.

പണ്ട് കാലത്ത് ഒരു യുവാവിനോട് എന്തു ചെയ്യുന്നു എന്നു ചോദിച്ചാൽ ചിലപ്പോൾ അയാൾ “ബിയെസ്സിക്കു പഠിക്കുന്നു” എന്നു പറയും. ഇപ്പോൾ ചോദിച്ചാൽ “പിയെസ്സിക്കു പഠിക്കുന്നു” എന്നാണ് പറയുന്നത്. ഈ മട്ടിലുള്ള പഠനം ഒട്ടും ഭൂഷണമല്ല. ഇത് പി.എസ്.സി.പരീക്ഷകളുടെ ക്വാളിറ്റിയെ തന്നെ ബാധിക്കുന്നുണ്ട്.
അശോകൻ ചരുവിൽ
10 02 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here