കരുത്തോടെ കര്‍ഷക സമരം 80ാം ദിവസത്തിലേക്ക്; തുടര്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമായി റെയില്‍ തടയല്‍ സമരം ആഹ്വാനം ചെയ്ത് കര്‍ഷകര്‍

കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയായി കർഷകർ റെയിൽ തടയൽ സമരത്തിലേക്ക്‌. 18നു പകൽ 12 മുതൽ നാലുവരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ സമരത്തിലുള്ള കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു. ബുധനാഴ്‌ച ചേർന്ന കിസാൻ മോർച്ച യോഗം അടുത്ത ദിവസങ്ങളിലേക്കുള്ള മറ്റു പ്രക്ഷോഭപരിപാടികളും ആസൂത്രണം ചെയ്‌തു.

ഹരിയാനയിലെ ടോൾ പ്ലാസകളെല്ലാം സൗജന്യമാക്കിയതിനു പിന്നാലെ വെള്ളിയാഴ്‌ച രാജസ്ഥാനിലെ ടോൾ പ്ലാസകളിലെ പണപ്പിരിവ് നിര്‍ത്തിവയ്പ്പിച്ച് സൗജന്യമാക്കുമെന്ന്‌ കിസാൻ മോർച്ച പ്രഖ്യാപിച്ചു. കർഷകര്‍ ടോള്‍പ്ലാസ പിടിച്ചെടുക്കുന്നതിനെ ബുധനാഴ്‌ച ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമർശിച്ചിരുന്നു. പിന്നാലെയാണ്‌ എല്ലാ ടോൾ പ്ലാസകളിലെയും പിരിവ്‌ അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്‌.

ഞായറാഴ്‌ച പുൽവാമ ആക്രമണത്തിൽ രക്തസാക്ഷികളായ സൈനികർക്ക്‌ ആദരാഞ്‌ജലിയുമായി രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചുകളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കും. ജാട്ട്‌ വിഭാഗത്തിൽനിന്നുള്ള സാമൂഹിക പരിഷ്‌കർത്താവും കർഷകനേതാവുമായിരുന്ന സർ ചോട്ടുറാമിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച രാജ്യവ്യാപകമായി ഐക്യദാർഢ്യ യോഗങ്ങളും ചേരും.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി പ്രധാനമന്ത്രി ആവർത്തിച്ചതിനു പിന്നാലെയാണ്‌ സമരപരിപാടികൾ തീവ്രമാക്കാൻ തീരുമാനമെടുത്തത്‌. പ്രധാനമന്ത്രിയുടെ സമരജീവി പ്രയോഗത്തിനെതിരായ പ്രതികരണംകൂടിയായി സമരപരിപാടികളെ മാറ്റാനാണ്‌ നീക്കം. കിസാൻ പരേഡിനും രാജ്യവ്യാപക വഴിതടയൽ സമരത്തിനും പിന്നാലെയാണ്‌ അഖിലേന്ത്യാതലത്തിൽ കൂടുതൽ സമരപരിപാടികളിലേക്ക്‌ കർഷകർ കടക്കുന്നത്‌. ഡൽഹിയിൽ ഉപരോധസമരം തുടരുന്നതിനൊപ്പമാണ്‌ കർഷകസമരത്തെ കൂടുതൽ രാജ്യവ്യാപകമാക്കുംവിധമുള്ള സമരപരിപാടികൾക്ക്‌ കിസാൻ മോർച്ച ആസൂത്രണം ചെയ്‌തത്‌. റെയിൽ തടയൽ വൻവിജയമാക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്ന്‌ കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

പ്രക്ഷോഭകർക്ക് അന്നവുമായി 
കർഷകസ്‌ത്രീകള്‍

‘എത്ര അധിക്ഷേപിച്ചാലും ഞങ്ങൾ മടങ്ങില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരും. പ്രധാനമന്ത്രിയെ അത്‌ ബോധ്യപ്പെടുത്തും. 50 ക്വിന്റൽ ഭക്ഷ്യധാന്യവുമായാണ്‌ വന്നത്‌. സാമൂഹിക അടുക്കളയിലെല്ലാം രണ്ട്‌ ക്വിന്റൽ വീതം നൽകി. മറ്റു കുടുംബാംഗങ്ങൾ കൂടുതൽ ഭക്ഷ്യധാന്യവുമായി അടുത്തയാഴ്‌ച എത്തും’ –- സമരം നീളുന്നതിൽ ആശങ്കയൊന്നുമില്ലാതെ ജലന്ദറിൽനിന്നുള്ള നാൽപ്പത്തഞ്ചുകാരിയായ കർഷക മൽകിത്‌ കൗർ പറഞ്ഞു.

350 കിലോമീറ്റർ റോഡുമാർഗം എത്തിയതിന്റെ ക്ഷീണമൊന്നും മൽകിത്‌ കൗറിനോ കൂടെയുള്ളവർക്കോ ഇല്ല. സാമൂഹിക അടുക്കളകളിൽ ഉൽപ്പന്നങ്ങളെത്തിച്ചും പാചകമടക്കമുള്ള കാര്യങ്ങളിൽ സഹായിച്ചും വളരെ വേഗം സമരത്തിന്റെ ഭാഗമായി മാറി.

റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾക്കുശേഷം സമരകേന്ദ്രങ്ങളിലേക്ക്‌ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ കുറവുവന്നെന്ന റിപ്പോർട്ടുകളെ തുടർന്നാണ്‌ മൽകിത് മറ്റ്‌ 30 കർഷക സ്‌ത്രീകൾക്കൊപ്പം ജലന്ദറിൽനിന്ന്‌ ട്രക്ക്‌ നിറയെ ഭക്ഷ്യധാന്യവുമായി എത്തിയത്‌.

മൽകിത്തിനെപ്പോലെ നൂറുകണക്കിന്‌ വനിതാ കർഷകരാണ്‌ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും മറ്റുമായി സമരകേന്ദ്രങ്ങളിലേക്ക്‌ എത്തുന്നത്‌. ജലന്ദറിൽനിന്ന്‌ മാത്രം നൂറിലേറെ വനിതകൾ ചൊവ്വാഴ്‌ച സിൻഘുവിൽ എത്തി.
നരേന്ദ്ര മോഡിയുടെ ‘സമരജീവി’ പ്രയോഗമാണ്‌ വനിതാ കർഷകരെ പ്രകോപിപ്പിച്ചത്. മൽകിത്തിന്റെ ഭർത്താവ്‌ രണ്ടുമാസമായി സിൻഘുവിലുണ്ട്‌. മൽകിത് എത്തിയതോടെ കൃഷി കാര്യങ്ങൾ നോക്കാൻ ഭർത്താവ്‌ മടങ്ങി. മിനിമം താങ്ങുവില നൽകുന്നുണ്ടെന്നാണ്‌ മോഡി പറയുന്നത്‌. ചോളം ക്വിന്റലിന്‌ 1800 രൂപയാണ്‌ എംഎസ്‌പി. എന്നാൽ, കിട്ടുന്നത്‌ 800–-1000 രൂപ‌. ന്യായവില കിട്ടിയേ മതിയാകൂ–- ജസ്‌വീന്ദർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News